കുതിരപ്പന്തയത്തിൽ ഓടാൻ കിട്ടിയത് കഴുതയെ: മന്ത്രി ഹർദീപ് സിംഗ് പുരി

Tuesday 28 March 2023 12:44 AM IST

ന്യൂഡൽഹി: രാഹുലിന്റെ അയോഗ്യതയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തുന്ന സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാക്കൾ.

കുതിരപ്പന്തയത്തിൽ പങ്കെടുക്കാൻ കോൺഗ്രസിന് കിട്ടിയത് കഴുതയെ ആണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. സവർക്കറെ പോലെയുള്ള ആളുകൾ നൽകിയ സംഭാവനകൾ എന്താണെന്ന് നിങ്ങൾക്കറിയാമോയെന്ന് അദ്ദേഹം ചോദിച്ചു. ഔചിത്യം, രാഷ്ട്രീയ സ്വീകാര്യത, നിയമവ്യവസ്ഥ എന്നീ കാര്യങ്ങളിൽ കോൺഗ്രസ് ആത്മപരിശോധന നടത്തണം. നിങ്ങൾ എന്താണ് എന്ന് അനുസരിച്ചിരിക്കും ജനങ്ങൾ നിങ്ങളെ വിലയിരുത്തുന്നത്. നിങ്ങൾ സവർക്കറെയും മഹാഭാരതത്തെയും വിമർശിക്കുകയാണ്. രാഹുൽ ഗാന്ധിയെ കോടതിയാണ് ശിക്ഷിച്ചത്. അതിനെതിരെ നിങ്ങൾ കോടതിയിൽ പോകുകയാണ് വേണ്ടത്. താൻ പറഞ്ഞത് പോലെ കുതിരപ്പന്തയത്തിൽ ഓടാൻ നിങ്ങൾക്ക് കിട്ടിയത് ഒരു കഴുതയെയാണെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു.

സ്വപ്നങ്ങളിൽ പോലും രാഹുലിന് സവർക്കർ

ആകാൻ കഴിയില്ല: അനുരാഗ് താക്കൂർ

രാഹുൽ ഗാന്ധിക്ക് ഒരിക്കലും സവർക്കറാകാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. രാജ്യത്തോടുള്ള അചഞ്ചലമായ സ്നേഹവും നിശ്ചയദാർഢ്യവുമുള്ള സവർക്കറാകാൻ തന്റെ മികച്ച സ്വപ്നങ്ങളിൽ പോലും രാഹുലിന് കഴിയില്ല. കേന്ദ്രമന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരായ സവർക്കറുടെ ധീരമായ പോരാട്ടത്തിന് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമുണ്ട്. ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള പദ്ധതികൾക്ക് വിജയാശംസകൾ നേരുന്നുവെന്നായിരുന്നു സവർക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്ദിര ഗാന്ധി 1980 മെയ് 20 ന് അയച്ച കത്തിൽ എഴുതിയത്- അനുരാഗ് താക്കൂർ വ്യക്തമാക്കി.