ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങൾ പങ്കുവച്ചതിന് കേസെടുക്കാൻ നിർദ്ദേശം
ബംഗളൂരു: കർണ്ണാടകയിൽ ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപ ഫേസ്ബുക്കിലൂടെ പങ്കുവച്ചതിനെതിരെ കേസെടുക്കാൻ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പൊലീസിന് നിർദ്ദേശം നൽകി. രോഹിണി നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ നടപടി.
രോഹിണി ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന കുറിപ്പോടെയാണ് കഴിഞ്ഞ ഫെബ്രുവരി 18ന് രൂപ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചത്. വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥ ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തതിൽ അസ്വാഭാവികതയുണ്ട്. സർവീസ് ചട്ടങ്ങളുടെ ലംഘനമാണിത് എന്ന ആരോപണത്തോടെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടത്.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സമൂഹമാദ്ധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവച്ച ചിത്രങ്ങളുടെ സ്ക്രീൻഷോട്ടാണ് രൂപ പ്രചരിപ്പിക്കുന്നതെന്നും ആർക്കാണ് ചിത്രങ്ങൾ അയച്ചത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചിരുന്നു.