മൂന്നാമത്തെ ഉന്നത ബുദ്ധനേതാവായി മംഗോളിയൻ ബാലനെ തിരഞ്ഞെടുത്ത് ദലൈലാമ
ന്യൂയോർക്ക് : യു.എസിൽ ജനിച്ച മംഗോളിയൻ ബാലനെ 10ാം ഖാൽഖ ജെറ്റ്‌സൺ ഥാംപ റിംപോച്ചെ ആയി നാമകരണം ചെയ്ത് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ടിബറ്റൻ ബുദ്ധമതത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ പദവിയാണിത്. മാർച്ച് 8ന് ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വച്ചാണ് എട്ട് വയസുള്ള കുട്ടിയ്ക്ക് ദലൈലാമ പദവി നൽകിയതെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ചൈനയുടെ വേട്ടയാടലിൽ നിന്ന് രക്ഷപ്പെട്ട ദലൈലാമ നിലവിൽ ഇവിടെയാണ് ജീവിക്കുന്നത്. കുട്ടിയ്ക്ക് ഒരു ഇരട്ട സഹോദരൻ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മംഗോളിയൻ പാർലമെന്റിലെ മുൻ അംഗത്തിന്റെ ചെറുമകനുമാണ് ഈ കുട്ടി.
അതേ സമയം, ചൈനയെ പ്രകോപിപ്പിക്കുന്നതാണ് ഈ നീക്കം. തങ്ങളുടെ സർക്കാർ തിരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ അംഗീകരിക്കൂ എന്നാണ് ചൈനയുടെ നിലപാട്. 1995ൽ ദലൈലാമ 11ാം പഞ്ചൻ ലാമയെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ അന്ന് ആറ് വയസുണ്ടായിരുന്ന പഞ്ചൻലാമയേയും കുടുംബത്തെയും ചൈനീസ് ഭരണകൂടം തട്ടിക്കൊണ്ടുപോവുകയും പകരം തങ്ങളുടെ നോമിനിയെ പഞ്ചൻ ലാമയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ പഞ്ചൻലാമയ്ക്ക് എന്ത് സംഭവിച്ചെന്നോ എവിടെയാണെന്നോ ആർക്കുമറിയില്ല. ടിബറ്റൻ ബുദ്ധമതത്തിൽ ദലൈലാമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പദവിയാണ് പഞ്ചൻ ലാമയുടേത്. പഞ്ചൻലാമ ജീവനോടെയുണ്ടെന്നും ബിരുദധാരിയായ അദ്ദേഹം ഇന്ന് സാധാരണ ജീവിതം നയിക്കുകയാണെന്നുമാണ് ചൈനയുടെ വിശദീകരണം.