ടെന്നസിയിൽ സ്കൂളിൽ വെടിവയ്പ്: 6 മരണം  മരിച്ചവരിൽ മൂന്ന് പേർ കുട്ടികൾ  അക്രമി സ്ത്രീ

Tuesday 28 March 2023 6:30 AM IST

ന്യൂയോർക്ക് : യു.എസിൽ ടെന്നസിയിലെ നാഷ്‌വില്ലിൽ സ്വകാര്യ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികൾ അടക്കം ആറ് പേർ കൊല്ലപ്പെട്ടു. സ്കൂളിലെ ജീവനക്കാരാണ് കുട്ടികൾക്ക് പുറമേ മരിച്ച മറ്റ് മൂന്ന് പേർ. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്.

28 വയസുള്ള സ്ത്രീയാണ് വെടിവയ്പ് നടത്തിയത്. ഇവർ നാഷ്‌വില്ല് സ്വദേശിനിയാണ്. രണ്ട് അസോൾട്ട് ടൈപ്പ് റൈഫിളുകളും ഒരു കൈത്തോക്കും ഇവരുടെ കൈവശമുണ്ടായിരുന്നു. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. 12 വയസുവരെയുള്ള കുട്ടികൾ പഠിക്കുന്ന ദ കവനന്റ് സ്കൂളിൽ ഇന്നലെ ഇന്ത്യൻ സമയം രാത്രി 8.43ഓടെയായിരുന്നു സംഭവം. 200ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മരിച്ചവരെയോ അക്രമിയേയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. സംഭവത്തിൽ അഗാത ദുഃഖം രേഖപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.

അതേ സമയം,​ യു.എസിൽ സ്ത്രീകൾ പ്രതികളായ കൂട്ടവെടിവയ്പുകൾ വളരെ അപൂർവമാണ്. എഫ്.ബി.ഐയുടെ 2021ലെ കണക്ക് പ്രകാരം യു.എസിലുണ്ടായ 98 ശതമാനം വെടിവയ്പുകളിലും പ്രതികൾ പുരുഷൻമാരാണ്. 2000 - 2018 കാലയളവിലെ 250 സജീവ വെടിവയ്പ് സംഭവങ്ങളിൽ ഒമ്പത് എണ്ണത്തിൽ മാത്രമാണ് സ്ത്രീകൾ ഉൾപ്പെട്ടിട്ടുള്ളതെന്ന് എഫ്.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.