ഛോട്ടുവിന്റെയും കരീം ലാലയുടെയും മൈസൂർ മംഗോയ്ക്ക് ആവശ്യക്കാർ ഇഷ്ടംപോലെ, പിടികൂടാൻ എക്‌സൈസുകാർ 'ക്ഷ' വരച്ചു

Tuesday 28 March 2023 9:53 AM IST

കൊച്ചി: കൊച്ചിയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ച് വില്പന നടത്തിവരികയായിരുന്ന രണ്ട് ആസാം സ്വദേശികൾ എക്‌സൈസിന്റെ പിടിയിലായി. നാഗോൺ സ്വദേശികളായ മുസാഹറുൾ ഹക്ക് (ഛോട്ടൂ-24), ജമീറൂൾ ഹക്ക് (കരീം ലാലാ-26) എന്നിവരാണ് എറണാകുളം എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും സിറ്റി റേഞ്ചിന്റെയും സംയുക്ത ഓപ്പറേഷനിൽ കുടുങ്ങിയത്. പ്രതികളിൽനിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി.

സുഹൃത്തുക്കളായ അസാം സ്വദേശികളുടെ ആവശ്യപ്രകാരം നാട്ടിൽനിന്ന് തുച്ഛമായ വിലക്ക് കഞ്ചാവെത്തിച്ച് നഗരത്തിൽ 'മൈസൂർ മംഗോ' എന്ന മുന്തിയ ഇനം കഞ്ചാവെന്ന വ്യാജേന മൊത്തക്കച്ചവടം നടത്തി അസാമിലേക്ക് തിരികെപ്പോകുകയായിരുന്നു ഇവരുടെ രീതി. സുഹൃത്തുക്കൾ ഇത് ചെറു പൊതികളിലാക്കി കൂടിയ വിലക്ക് മറിച്ചുവിറ്റുവരികയായിരുന്നു. നാഗോൺ സ്വദേശികളായ പ്രതികൾ നാട്ടിൽ ചില്ലറമോഷണവും പിടിച്ചുപറിയും കഞ്ചാവ് കച്ചവടവുമായി കഴിയുന്നതിനിടെയാണ് എറണാകുളത്തുള്ള സുഹൃത്തുക്കൾ കൂടുതൽ ലാഭം നേടിത്തരുന്ന ബിസിനസിലേക്ക് ക്ഷണിച്ചുവരുത്തിയത്.

ഏതാനും ദിവസംമുമ്പ് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായതോടെയാണ് ഛോട്ടു, കരീം ലാല എന്നിവരെക്കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചത്. തുടർന്ന് ഇരുവരും എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. ഇടപ്പള്ളി ടോളിന് സമീപം രാത്രിയോടെ കഞ്ചാവ് കൈമാറാൻ ഇവരെത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം കാത്തുനിന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കഞ്ചാവ് അടങ്ങിയ ബാഗ് തൊട്ടടുത്ത മതിൽക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി. എക്‌സൈസ് സംഘവും നാട്ടുകാരും പിന്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. അക്രമാസക്തരായ ഇരുവരേയും ബലപ്രയോഗത്തിലൂടെയാണ് എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തിയത്.

എക്‌സൈസ് ഐ.ബി ഇൻസ്‌പെക്ടർ കെ. മനോജ്കുമാർ, ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ എൻ.ജി. അജിത്ത്കുമാർ, രഞ്ജു എൽദോ തോമസ്, സിറ്റി മെട്രോഷാഡോയിലെ സി.ഇ.ഒ എൻ.ഡി. ടോമി, സി.ഇ.ഒ, ഡി.ജി. ബിജു, പി. പത്മഗിരീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

Advertisement
Advertisement