വീണ്ടും മോദി സർക്കാരിന്റെ പ്രതികാരമോ? ബി ബി സി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്

Tuesday 28 March 2023 12:16 PM IST

ന്യൂഡൽഹി: ബി ബി സി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ വിഷയം, സിഖ് പ്രതിഷേധ വാർത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് നടപടി എന്നാണ് റിപ്പോർട്ട്. അധികൃതരുടെ നിർദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്ന് ട്വിറ്ററും വ്യക്തമാക്കി. എന്നാൽ സംഭവത്തെക്കുറിച്ച് ബി ബി സി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ ഡൽഹിയിലെയും മുംബയിലെയും ബി ബി സി ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ജീവനക്കാരെ വീട്ടിൽപോകാൻപോലും അനുവദിക്കാതെ നടത്തിയ പരിശോധന‌യ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പരിശോധനാവിഷയത്തിൽ ബി ബി സിയെ ശക്തമായി പിന്തുണച്ച് ബ്രിട്ടീഷ് സർക്കാരും രംഗത്തെത്തിയിരുന്നു.

'ബി ബി സി ബ്രിട്ടീഷ് സർക്കാരിനെ വിമർശിക്കാറുണ്ട്. പ്രതിപക്ഷത്തെയും വിമർശിക്കാറുണ്ട്. ബി ബി സിക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നു. പ്രവർത്തനത്തിന്റെ കാര്യത്തിലും എഡിറ്റോറിയൽ കാര്യത്തിലും അവർ സ്വതന്ത്രമാണ് ' എന്നാണ് ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫീസിലെ(എഫ് സി ഡി ഒ ) പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി ഡേവിഡ് റട്‌ലി പറഞ്ഞത്.