അനില്‍  ആന്റണി ബി ജെ പിയിലേക്ക് ചേക്കേറുന്നു? കോൺഗ്രസ്  നേതാക്കൾ   സംസ്കാരമില്ലാത്തവർ, പാർട്ടിയെ അപഹസിച്ച് വീണ്ടും

Tuesday 28 March 2023 4:33 PM IST

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും പാർട്ടിയുടെ ഡിജിറ്റല്‍ വിഭാഗം മുന്‍ മേധാവിയുമായ അനില്‍ ആന്റണി കോൺഗ്രസിനെ അപമാനിച്ച് വീണ്ടും രംഗത്തെത്തി. മാത്രമല്ല കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ ജനങ്ങൾക്കുള്ള മികച്ച അവസരമാണ് അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പെന്നായിരുന്നു അനിലിന്റെ വിമർശനം.ഇതിന് തൊട്ടുപിന്നാലെയാണ് സ്മൃതി ഇറാനിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത്. ഇതോടെ അനിൽ ബി ജെ പിയിലേക്ക് ചേക്കേറുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. നേരത്തേ ബി ബി സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രതികരണം വിവാദമായപ്പോഴും അനിൽ ബി ജെ പിയോട് അടുക്കുന്നു എന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അതിനോട് പ്രതികരിച്ചിരുന്നില്ല.

യൂത്ത്കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് സ്മൃതിയെക്കുറിച്ച് നടത്തിയ പരാമർശമാണ് അനിലിനെ ചൊടിപ്പിച്ചത്. ചാനൽ ചർച്ചയിൽ പരാമർശത്തെ രൂക്ഷമായ ഭാഷയിലാണ് അനിൽ വിമർശിച്ചത്. കോൺഗ്രസ് നേതാക്കൾ സംസ്കാരമില്ലാത്തവർ എന്നായിരുന്നു അനിൽ വിശേഷിപ്പിച്ചത്.

സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്ന വനിതാ നേതാവ് എന്ന് സ്മൃതിയെ വിശേഷിപ്പിച്ച അനിൽ കോൺഗ്രസ് ഏതാനും ചിലരെ മാത്രം വളർത്തുന്നു എന്നും ആരോപിച്ചു. സ്മൃതിയെപ്പോലുള്ളവരെ ഇകഴ്ത്തുകയും അവഹേളിക്കുകയും ചെയ്യുന്നതാണോ കോൺഗ്രസിന്റെ സ്ത്രീ ശാക്തീകരണമെന്നും ദേശീയ താൽപ്പര്യത്തിനായി കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്നും അനിൽ കുറ്റപ്പെടുത്തി.

കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ വിമർശിച്ച വിദേശകാര്യമന്ത്രി ജയ്ശങ്കറിനെ ന്യായീകരിച്ച അനിൽ കോടതി രാഹുലിനെ അയോഗ്യനാക്കിയപ്പോൾ ‘ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങള്‍ക്കായി സമയം കളയാതെ രാജ്യത്തിന്റെ വിഷയങ്ങളില്‍ ശ്രദ്ധിക്കാന്‍ കോണ്‍ഗ്രസ് തയാറാവണമെന്ന് പാർട്ടിയെ ഉപദേശിക്കുകയും ചെയ്തു.

നേരത്തേ ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രതികരണം വിവാദമായതിനെ തുടർന്ന് കോൺഗ്രസിന്റെ എല്ലാ ചുമതലകളിൽ നിന്നും അനിൽ സ്വയം രാജിവച്ചിരുന്നു.