ജീവിത പങ്കാളിയെ കൊന്നയാളെ വശീകരിച്ച് പൊലീസിന് മുന്നിൽ എത്തിച്ച് യുവതിയുടെ പ്രതികാരം
കൊളംബിയ: ജീവിത പങ്കാളിയുടെ മരണത്തിന് കാരണക്കാരനായ ആളെ വശീകരിച്ച് പൊലീസിന് മുന്നിൽ എത്തിച്ച് യുവതി. വശീകരിക്കപ്പെട്ടയാളും നിസാരക്കാരനല്ല, മയക്കുമരുന്ന് മാഫിയത്തലവനും ഇന്റർപോൾ തെരയുന്ന കൊടും ക്രിമിനലുമായ റൂബൻ ഡാരിയോ വിലോറിയ ബാരിയോസ് ആണ് കെണിയിൽ കുടുങ്ങിയത്. കൊളംബിയയിലാണ് സംഭവം. സുരക്ഷാ കാരണങ്ങളാൽ യുവതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ജുവാഞ്ചോ എന്ന പേരിലാണ് റൂബൻ ഡാരിയോ അറിയപ്പെടുന്നത്. യുവതിയുടെ ജീവിത പങ്കാളിയുടെ മരണത്തിൽ ഇയാൾക്ക് പങ്കുള്ളതായി തെളിഞ്ഞിരുന്നു. തുടർന്ന് പൊലീസിന്റെ പദ്ധതി പ്രകാരമാണ് ജുവാഞ്ചോയെ പിടികൂടാൻ യുവതിയും പങ്കുചേർന്നത്.
മാസങ്ങൾക്കുള്ളിതൽ തന്നെ ജുമാഞ്ചോയെ തന്റെ വലയിലാക്കാൻ യുവതിക്ക് സാധിച്ചു. തുടർന്ന് പൊലീസ് നിശ്ചയിച്ചുറപ്പിച്ച സ്ഥലത്തേക്ക് ഇയാളെ യുവതി എത്തിക്കുകയായിരുന്നു. ആയുധക്കടത്ത്, ലഹരിക്കച്ചവടം, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ജുവാഞ്ചോ. 22 വർഷത്തേക്കാണ് കോടതി ഇയാളെ തടവിന് ശിക്ഷിച്ചിരിക്കുന്നത്.