പത്ത്കോടിയുടെ പുതുപുത്തൻ റോൾസ് റോയ്‌സിൽ രാജകീയമായി കിംഗ് ഖാന്റെ വരവ്, വീഡിയോ

Tuesday 28 March 2023 6:17 PM IST

'പഠാൻ' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം പുതിയ കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ. ഏകദേശം 10കോടി രൂപ വിലവരുന്ന റോൾസ് റോയ്‌സാണ് താരം വാങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് താരത്തിന്റെ വാഹന ശേഖരത്തിലേയ്ക്ക് പുതിയ റോൾസ് റോയ്‌സ് എത്തിയത്. റിപ്പോർട്ടനുസരിച്ച് നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലയേറിയ എസ് യുവിയാണ് ഈ കാർ. രാത്രിയിൽ മുംബയിലെ വസതിയായ മന്നത്തിന്റെ ഗേറ്റ് കടന്ന് '555' നമ്പർ പ്ലേറ്റുള്ള വെള്ള റോൾസ് റോയ്‌സ് പോകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.

റോൾസ് റോ‌യ്‌സ് കള്ളിനന്‍ ബ്ലാക് ബാഡ്‌ജ് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ആർട്ടിക് വെെറ്റ് നിറമാണ് ഈ എസ് യു വിയ്ക്കുള്ളത്. ഇതിന് 8.20 കോടി രൂപയാണ് ഇന്ത്യയിലെ എക്‌‌സ്ഷോറൂം വില. കസ്റ്റമെെസേഷന് ശേഷം വില പത്ത് കോടിയെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയില്‍ എത്തുന്ന മൂന്നാമത്തെ റോൾസ് റോയ്‌സ് കള്ളിനന്‍ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, എസ് ആർ കെയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ വാഹനം ഇതല്ല. 14കോടി രൂപ വിലമതിക്കുന്ന ബുഗാട്ടി വെയ്റോണാണ് അത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്‍റേതായി റിലീസിനെത്തിയ ചിത്രമാണ് 'പഠാന്‍'. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു.

അതേസമയം, 'ജവാൻ' ആണ് ഷാരൂഖിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ആറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് 'ജവാൻ' തിയേറ്ററിൽ എത്തുക.