കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി വളരുന്നു, കർണാടകയിൽ നമ്പർ വൺ; ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം വർദ്ധിച്ചെന്നും പ്രധാനമന്ത്രി

Tuesday 28 March 2023 9:24 PM IST

ന്യൂഡൽഹി: കേരളത്തിലും തമിഴ്‌നാട്ടിലും എല്ലാ ബൂത്തുകളിലും ബിജെപി സാന്നിദ്ധ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയിൽ പാർട്ടി മുന്നേറ്റമുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി കർണാടയിൽ ഇപ്പോഴും നമ്പർ വൺ പാ‌ർട്ടി ബിജെപിയാണെന്നും അറിയിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി കേരളമടക്കം സംസ്ഥാനങ്ങളിലെ പാർട്ടി വള‌ർച്ചയെക്കുറിച്ച് സൂചിപ്പിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അധികാരം നേടാൻ സഹായിച്ച പാർട്ടി പ്രവർത്തകർക്ക് മോദി നന്ദി പറഞ്ഞു. ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പാർട്ടി വളരുകയാണെന്നും മോദി സൂചിപ്പിച്ചു.

അതേസമയം രാഹുൽ ഗാന്ധിയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തെ രൂക്ഷമായ ഭാഷയിൽ പ്രധാനമന്ത്രി കടന്നാക്രമിച്ചു. ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോൾ ഒരു വേദിയിൽ ഒത്തുചേർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. 'ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള ഇന്ത്യാ വിരുദ്ധ ശക്തികൾ ഒന്നിക്കുന്നത് സ്വാഭാവികമാണ്. കേന്ദ്ര ഏജൻസികൾ അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുമ്പോൾ അവയെ ആക്രമിക്കുന്നു. കോടതി ഒരു ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അത് ചോദ്യം ചെയ്യുന്നു.' പ്രധാനമന്ത്രി പറഞ്ഞു.

കേവലം രണ്ട് സീറ്റിൽ നിന്ന് ഇന്ന് 303 സീറ്റ് നേടി ഇന്ത്യ ഭരിക്കുന്ന പാർട്ടിയായതിനെക്കുറിച്ചും പാർട്ടി പ്രവർത്തകരെ ഓർമ്മിപ്പിച്ച പ്രധാനമന്ത്രി കുടുംബാധിപത്യ പാർട്ടിയല്ലാത്ത ഇന്ത്യയിലെ ഒരേയൊരു പാർട്ടി ബിജെപിയാണെന്നും അഭിപ്രായപ്പെട്ടു.