യൂറോപ്പ് വൻകരയിലാകെ ബീജം നൽകിയത് വഴിയുണ്ടായത് 550 കുട്ടികൾ; യുവാവിനെതിരെ നിയമ നടപടി

Wednesday 29 March 2023 12:59 AM IST

ഹേഗ്: വിവിധ രാജ്യങ്ങളിലായി നൂറുകണക്കിന് സ്‌ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ബിജദാനം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. നെതർലാന്റിലെ ഹേഗ് പട്ടണത്തിലെ ജോനാഥൻ ജേക്കബ് മയർ എന്ന 41കാരനായ സംഗീതജ്ഞനാണ് കേസിൽപെട്ടത്. ദ ഡോണർ ചൈൽഡ് ഫൗണ്ടേഷനാണ് ജോനാഥനെതിരെ കേസ് നൽകിയത്.

മുൻപ് 2017ൽ 10 വ്യത്യസ്‌ത ക്ളിനിക്കുകളിൽ ബീജദാനം നടത്തിയത് വഴി നൂറ് കുഞ്ഞുങ്ങളെ ജനിപ്പിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ഇയാളെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. പരമാവധി 25 കുട്ടികളെ ജനിപ്പിക്കാൻ സഹായിക്കും എന്ന് സ്‌ത്രീകളെ വിശ്വസിപ്പിച്ചാണ് ഇയാൾ ഇത്രയധികം ബീജദാനം നടത്തിയത്.

പിന്നീട് കരിമ്പട്ടികയിൽ പെട്ടതിനെ മറികടക്കാൻ ഇയാൾ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴിയും ഡെന്മാർക്ക്, യുക്രെയിൻ എന്നീ രാജ്യങ്ങളിൽ വെബ്‌സൈറ്റ് വഴിയും ബീജദാനം നടത്തി. ജോനാഥന്റെ ബിജം സ്വീകരിച്ച ഒരു ഡെന്മാർക്ക് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഡോണർ ചൈൽഡ് ഫെ‌ഡറേഷൻ നിയമനടപടിയ്‌‌ക്കൊരുങ്ങിയത്.

ജോനാഥൻ 100ലധികം കുട്ടികളെ ജനിപ്പിച്ചതായി അറിഞ്ഞിരുന്നെങ്കിൽ താൻ ഇതിന് തയ്യാറാവില്ലായിരുന്നെന്ന് യുവതി പ്രതികരിച്ചു. നിരവധി അമ്മമാർ ആവശ്യപ്പെട്ടിട്ടും ജോനാഥൻതന്റെ ശീലം നിർത്താത്തതാണ് കോടതി നടപടിയിലേക്ക് തിരിയാൻ കാരണമായതെന്ന് യുവതി അറിയിച്ചു. ഇയാളുടെ സൂക്ഷിച്ചുവയ്‌ക്കപ്പെട്ട ബീജം ബാക്കിയുണ്ടെങ്കിൽ അവ നശിപ്പിക്കണമെന്നും യുവതി ആവശ്യപ്പെടുന്നു.