മുഖ്യമന്ത്രി നൽകിയ വാക്ക് പാഴായി, സി.ഒ.ടി നസീർ വധശ്രമകേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു

Friday 21 June 2019 9:46 AM IST

വടകര: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സി.പി.എം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ അന്വേഷണം നയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ചുമതലയിൽ നിന്നും മാറ്റുന്നു. തലശ്ശേരി സി.ഐയും എസ്.ഐയുമാണ് കേസിൽ നിന്നും മാറുന്നത്. ഇവർ ഇന്ന് ചുമതലയൊഴിയും. വധശ്രമത്തിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ മാറ്റുന്നത്. അന്വേഷണ സംഘത്തെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നിയമസഭയിൽ പറഞ്ഞിരുന്നു.

ഇവർ കേസിൽ നിന്നും ഒഴിയുന്നതോടെ കസ്റ്റഡിയിലെടുത്ത, വധശ്രമത്തിലെ മുഖ്യ ആസൂത്രകൻ പൊട്ടിയൻ സന്തോഷിനെ തിരികെ നൽകേണ്ട സാഹച്ചര്യമാണ് നിലനിൽക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തലശ്ശേരി സി.പി.എം. മുൻ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊലീസിന് ഇയാളിൽ നിന്നും ലഭിച്ചത്.

എന്നാൽ ഉദ്യോഗസ്ഥർ കേസിൽ നിന്നും മാറിയതോടെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ സന്തോഷിനെ കൂടുതൽ ചോദ്യം ചെയ്യാനാകാതെ തലശേരി കോടതിയിൽ ഹാജരാക്കി തിരികെ ഏൽപ്പിക്കേണ്ടി വരും. നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നിയമസഭയിൽ ഒച്ചപ്പാടും ബഹളവും നടന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നത്. സംഭവത്തിൽ സി.പി.എം. എം.എൽ എ എ.എൻ. ഷംസീറിന് പങ്കുള്ളതായി നസീർ ആരോപിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയ സംഭവത്തിൽ ആശങ്കയുണ്ടെന്ന് സി.ഒ.ടി നസീർ പ്രതികരിച്ചു. പൊട്ടിയൻ സന്തോഷിലൂടെയാണ് കേസിലെ മറ്റ് പ്രതികളിലേക്ക് ഏത്താൻ കഴിയുകയെന്നും നസീർ പറഞ്ഞു. കേസിനെക്കുറിച്ചുളള തന്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായാണെന്നും കിട്ടിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും നസീർ ചൂണ്ടിക്കാട്ടുന്നു. മെയ് 18നാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം തലശേരി കായത്ത് റോഡ് ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്ത് വച്ച് നസീറിനെ ആക്രമിക്കുന്നത്.