രാഹുൽ ഗാന്ധിയ്ക്ക് പിന്തുണ, കോൺഗ്രസിന്റെ ജയ് ഭാരത് സത്യഗ്രഹയ്ക്ക് ഇന്ന് തുടക്കം, രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ

Wednesday 29 March 2023 7:06 AM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കമാവും. അടുത്ത മാസം മുപ്പത് വരെയാണ് രാജ്യവ്യാപകമായി സത്യഗ്രഹം നടക്കുന്നത്. സത്യഗ്രഹത്തിന്റെ ഭാഗമായി അംബേദ്‌കർ, ഗാന്ധി പ്രതിമകൾക്ക് മുന്നിലായി ധർണകൾ നടത്തും.

രാഹുൽ ഗാന്ധിയ്ക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി കോൺഗ്രസ് നേതാക്കൾ മാദ്ധ്യമങ്ങളെ കാണുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.മാർച്ച് 31ന് എല്ലാ ജില്ലകളിലും സംസ്ഥാന നേതാക്കളും മാദ്ധ്യമങ്ങളെ കാണും. ജയ് ഭാരത് സത്യഗ്രഹയുടെ ഭാഗമായി ഏപ്രിൽ രണ്ടാം വാരം ഡൽഹിയിൽ ദേശീയ തലത്തിൽ മെഗാ റാലി സംഘടിപ്പിക്കും. ഇന്നുമുതൽ ഏപ്രിൽ എട്ടുവരെയാണ് ഒന്നാംഘട്ട പ്രതിഷേധം നടത്തുന്നത്. ബ്ളോക്ക്, മണ്ഡലം തലത്തിൽ സമ്മേളനം നടക്കും. സമൂഹമാദ്ധ്യമങ്ങളിലൂടെ രാഹുൽ ഗാന്ധിയ്ക്ക് ജനപിന്തുണ അഭ്യ‌ർത്ഥിക്കും. കോൺഗ്രസിന്റെ പട്ടികജാതി- പട്ടികവർഗ, ഒ ബി സി, ന്യൂനപക്ഷ വിഭാഗങ്ങൾ ഏപ്രിൽ ഒന്നിന് അംബേദ്‌കർ, ഗാന്ധി പ്രതിമകൾക്ക് മുന്നിലായി പ്രതിഷേധ ധർണ നടത്തും.

ഏപ്രിൽ മൂന്നിന് മഹിളാ കോൺഗ്രസ് ഡൽഹിയിൽ റാലി സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ്, എൻ എസ്‌ യു (ഐ), മറ്റ് മുന്നണി സംഘടനകൾ എന്നിവയുടെ പ്രവർത്തകർ മോദിയെ ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റ്കാർഡുകൾ അയയ്ക്കും. സത്യഗ്രഹത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 15നും 20നും ഇടയിൽ ജില്ലാ തലത്തിൽ നടക്കും. തുടർന്ന് മുതിർന്ന സംസ്ഥാന നേതാക്കൾ ജില്ലാ ആസ്ഥാനങ്ങൾ ഘരാവോ ചെയ്യും. ഈ പരിപാടികളിലേയ്ക്ക് മറ്റ് പാർട്ടികളെയും ജനങ്ങളെയും ക്ഷണിക്കാൻ ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന നേതാക്കൾ ഏകദിന ഉപവാസം നടത്തും. ഏപ്രിൽ 20നും 30നും ഇടയിലാണ് സംസ്ഥാനതല പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിലെ രാഷ്‌ട്രീയക്കളി ഉയർത്തിയും അദാനി വിഷയത്തിൽ ഒഴിഞ്ഞുമാറുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും കോൺഗ്രസ് ഇന്നലെ ഡൽഹിയിൽ നടത്തിയ റാലി പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇന്നലെ വൈകിട്ട് ചെങ്കോട്ടയിൽ നിന്ന് ടൗൺഹാളിലേയ്ക്ക് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച ജനാധിപത്യ സംരക്ഷണ ശാന്തി മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് അവഗണിച്ച് മാർച്ച് നടത്താൻ ശ്രമിച്ചു. പൊലീസ് ബാരിക്കേഡ് വച്ച് നേതാക്കൾ ചെങ്കോട്ടയിൽ എത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ജെബി മേത്തർ എം.പി അടക്കം വനിതകളെ പൊലീസ് വലിച്ചിഴച്ച് മാറ്റി. തുടർന്ന് കോൺഗ്രസ് നേതാക്കൾ പന്തം കൊളുത്തി പ്രതിഷേധിച്ചു.