കർണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്, വയനാട് ഉപതിരഞ്ഞെടുപ്പിലെ കമ്മിഷൻ നിലപാട് ഇന്ന് വ്യക്തമാവും

Wednesday 29 March 2023 8:51 AM IST

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 11.30ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടാവുക. രാഹുൽ ഗാന്ധിയുടെ അയോഗ്യതയെ തുടർന്ന് വയനാട് ഉപതിരഞ്ഞെടുപ്പിലെ കമ്മിഷന്റെ നിലപാടും ഇന്നറിയാൻ സാധിക്കും.

224 അംഗ കർണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കുകയാണ്. മേയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോർട്ട്. 224 സീറ്റുകളിൽ 150 സീറ്റുകളെങ്കിലും നേടുകയെന്നതാണ് ബി ജെ പിയുടെ ലക്ഷ്യം. കോൺഗ്രസും ജെ ഡി എസും യഥാക്രമം 124, 93 സ്ഥാനാർത്ഥികൾ ഉൾപ്പെട്ട ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു.

മോദി പരാമർശത്തിൽ അപകീർത്തിക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അസാധാരണ തിടുക്കത്തിൽ അയോഗ്യനാക്കിയതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സാദ്ധ്യത തെളിയുന്നത്. ശിക്ഷാ വിധിക്ക് സ്റ്റേ വന്നില്ലെങ്കിലാണ് വയനാട് ഉപതിരഞ്ഞെടുപ്പുണ്ടാവുക. രാഹുലിന് രണ്ടു വർഷം ശിക്ഷ അടക്കം എട്ടു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. 2024,​ 2029 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവാതെ വരും.

ഉപതിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും കേരളത്തിലെ ചീഫ് ഇലക്‌ടറൽ ഓഫീസർക്കും ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിന്റെ പകർപ്പ് അയച്ചിരുന്നു. കോടതി ശിക്ഷ റദ്ദാക്കുകയൊ, ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവ് സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.