ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു, തീരുമാനം ഇന്ന് സുപ്രീം കോടതി ഹർജി പരിഗണിക്കാനിരിക്കെ

Wednesday 29 March 2023 10:30 AM IST

ന്യൂഡൽഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് അടിയന്തര തീരുമാനമെടുത്തത്. ഫൈസലിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാനിരുന്നത്. കേരള ഹൈക്കോടതി ശിക്ഷാവിധി സ്റ്റേ ചെയ്‌തതിനെ തുടർന്ന് അയോഗ്യത നീങ്ങിയിട്ടും ലോക്‌‌സഭാംഗത്വം പുനഃസ്ഥാപിക്കാത്തത് ചോദ്യം ചെയ്‌ത് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

മുൻകാലം ഇറക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിക്കുന്നതായാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്. ഹൈക്കോടതി വിധി വന്ന് രണ്ട് മാസമായിട്ടും അയോഗ്യത പിൻവലിച്ചിരുന്നില്ല. ഇതിനിടെ സുപ്രീം കോടതിയിൽ ലോക്‌സഭാ സെക്രട്ടറിക്കെതിരായി കോടതിയലക്ഷ്യ ഹർജി ഫൈസൽ നൽകിയിരുന്നു. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വിശദമായി കേൾക്കുന്നതിനായി സുപ്രീം കോടതി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ലക്ഷദ്വീപ് ഭരണസമിതി നൽകിയ ഹർജിയും ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു. ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിൻവലിച്ച സാഹചര്യത്തിൽ സുപ്രീം കോടതിയിലെ ഹർജി പിൻവലിക്കുമെന്ന് ഫൈസലിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

തനിക്കെതിരെയുള്ള കേസ് ജനുവരി 25ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടും ജനുവരി 13ന് ഇറക്കിയ അയോഗ്യതാ വിജ്ഞാപനം ലോക്‌സഭാ സെക്രട്ടേറിയറ്റ് പിൻവലിക്കുന്നില്ലെന്ന് ഫൈസൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫൈസലിന്റെ അയോഗ്യതയെ തുടർന്ന് ലക്ഷദ്വീപിൽ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചു. തീരുമാനം വൈകിയതിനാൽ ലോക്‌സഭയുടെ രണ്ടു സെഷനുകൾ നഷ്‌ടമായെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ മുൻ കേന്ദ്രമന്ത്രി പി എം സയീദിന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കവരത്തി ജില്ലാ സെഷൻസ് കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചതാണ് എൻ സി പി നേതാവായ മുഹമ്മദ് ഫൈസലിന്റെ അയോഗ്യതയ്‌ക്കും ലോക്‌സഭാംഗത്വം റദ്ദാക്കലിനും ഇടയാക്കിയത്. 2014 മുതൽ ലക്ഷദ്വീപ് എം പിയാണ് മുഹമ്മദ് ഫൈസൽ.