ബസ് തടഞ്ഞുനിറുത്തി ബലമായി പിടിച്ചിറക്കി സ്വർണം തട്ടിയെടുത്തു, സി പി എം പ്രവർത്തകർ അറസ്റ്റിൽ
പാലക്കാട്: ബസ് തടഞ്ഞ് സ്വർണം തട്ടിയ കേസിൽ സിപിഎം പ്രവർത്തകർ പിടിയിൽ. ചിറ്റൂർ വിളയോടി അത്തിമണി ശ്രീജിത്ത്, പാലക്കാട് പട്ടാണിത്തെരുവ് നൂറണി ബവീർ എന്നിവരാണ് അറസ്റ്റിലായത്. ശ്രീജിത്ത് സി പി എം അത്തിമണി ബ്രാഞ്ച് കമ്മിറ്റിയംഗവും ബവീർ മുൻ എം എൽ എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു. തമിഴ്‌നാട് മീനാക്ഷിപ്പുരത്താണ് ഇരുവരും കവർച്ച നടത്തിയത്.
ഈ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിലെ സ്വർണവ്യാപാരി തമിഴ്‌നാട് മധുരയിൽ സ്വർണാഭരണങ്ങൾ ഓർഡർ ചെയ്ത് മടങ്ങുകയായിരുന്നു.
ഇതിനിടെ മീനാക്ഷിപുരം സൂര്യപാറയിൽ വ്യാപാരി സഞ്ചരിക്കുകയായിരുന്ന ബസ് പ്രതികൾ തടഞ്ഞുനിറുത്തി. തുടർന്ന് വ്യാപാരിയെ ബലമായി ബസിൽ നിന്നിറക്കി പ്രതികളുടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കവർച്ച നടത്തുകയായിരുന്നു. വ്യാപാരിയുടെ കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വർണാഭരണങ്ങളും 23,000 രൂപയും പ്രതികൾ തട്ടിയെടുത്തു. പിന്നാലെ വ്യാപാരിയെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വ്യാപാരിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് പ്രതികളെ പിടികൂടിയത്.