കർണാടക തിരഞ്ഞെടുപ്പ് മേയ് പത്തിന്, വോട്ടെണ്ണൽ 13ന്; വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

Wednesday 29 March 2023 12:14 PM IST

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് പത്തിനാണ് പോളിംഗ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. മേയ് 13ന് വോട്ടെണ്ണൽ നടക്കും. അതേസമയം, വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. അപകീർത്തിക്കേസിൽ വയനാട് എം പിയായിരുന്ന രാഹുൽ ഗാന്ധി അയോഗ്യനായെങ്കിലും തിടുക്കത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് മുഖ്യ ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ വ്യക്തമാക്കിയത്.

വയനാട് ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് കമ്മിഷൻ പറഞ്ഞു. വിചാരണ കോടതി രാഹുൽ ഗാന്ധിയ്ക്ക് അപ്പീലിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ തീരുമാനം അതിനുശേഷമായിരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് കമ്മിഷൻ പരിഗണിച്ചത്.

കർണാടകയിൽ 224 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 36 സീറ്റുകൾ എസ് സി വിഭാഗത്തിനും 15 സീറ്റുകൾ എസ് ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും 80 വയസിന് മുകളിലുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 12.15 ലക്ഷം പേരാണ് 80 വയസിന് മുകളിലുള്ളത്. ഇതിൽ 16,976 പേർ നൂറ് വയസിന് മുകളിലുള്ളവരാണ്. 5.55 ലക്ഷം പേർ ഭിന്നശേഷിക്കാരാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ കർണാടകയിലുള്ളത്. മൊത്തത്തിൽ 5.21 കോടി വോട്ടർമാർ. ഇതിൽ 2,62,42,561 പുരുഷൻമാരും 2,59,26,319 സ്‌ത്രീകളും 4699 ട്രാസ്‌ജൻഡർമാരും ഉണ്ട്. ഏപ്രിൽ ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് കമ്മിഷൻ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം 58,282 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

നിലവിൽ കർണാടകയിൽ ഭരണകക്ഷിയായ ബി ജെ പിയ്ക്ക് 119 എം എൽ എമാരും കോൺഗ്രസിന് 75 എം എൽ എമാരും ജെ ഡി എസിന് 28 എം എൽ എമാരുമാണുള്ളത്. അധികാരം നിലനിർത്താനുള്ള നീക്കത്തിലാണ് ബി ജെ പി. വലിയ ഭൂരിപക്ഷം നേടി ബി ജെ പി അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാണെന്ന് കർണാടക കോൺഗ്രസ് തലവൻ ഡി കെ ശിവകുമാ‌ർ വ്യക്തമാക്കുന്നു.

Advertisement
Advertisement