തമിഴ്നാട്ടിൽ വന്ദേഭാരത് കല്ലെറിഞ്ഞു തകർത്തത് ട്രാക്കിനടുത്തിരുന്ന് മദ്യപിച്ച 21 കാരൻ, അഞ്ച് വർഷം വരെ ജയിൽ ശിക്ഷയെന്ന് റെയിൽവേ
ചെന്നൈ : ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. തമിഴ്നാട് തിരുമഞ്ഞോലൈ സ്വദേശിയായ 21 വയസുള്ള ഗുബേന്ദ്രനാണ് ചെന്നൈ- മംഗളൂരു വന്ദേഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞത്. ചെന്നൈയിൽ നിന്ന് മൈസൂരിലേക്ക് വരികയായിരുന്ന വന്ദേ ഭാരത് ട്രെയിൻ പുതൂർ എന്ന സ്ഥലത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. ജനൽ ചില്ല് കല്ലേറിൽ തകർന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു.
കല്ലെറിഞ്ഞ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ട്രാക്കിനരികിലിരുന്ന് മദ്യപിക്കുകയായിരുന്ന ഗുബേന്ദ്രനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ് പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
2019 ഫെബ്രുവരിയിലാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിൽ സർവീസുകൾ ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ വന്ദേ ഭാരത് ട്രെയിനിനുനേരെ ആക്രമണം നടന്നിട്ടുണ്ട്.