കർണാടകയിൽ കോൺഗ്രസ് ഭരണം പിടിക്കുമെന്ന് സർവെ ഫലം; എബിപി-സീ വോട്ടർ സർവെയിൽ ബിജെപിയ്‌ക്ക് പരമാവധി ലഭിക്കുക 80 സീറ്റുകൾ

Wednesday 29 March 2023 7:58 PM IST

ബംഗളൂരു: കർണാടകയിൽ മേയ് മാസത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം പിടിച്ചെടുക്കുമെന്ന് സർവെ ഫലം. എബിപി-സീ വോട്ടർ സർവെയിലാണ് കോൺഗ്രസ് 115 മുതൽ 127 സീറ്റുകൾ വരെ നേടി അധികാരം പിടിക്കുമെന്ന് പറയുന്നത്. ആകെ 224 സീറ്റുകളാണ് കർണാടക നിയമസഭയിലുള്ളത്. നിലവിൽ അധികാരത്തിലുള്ള ബിജെപിയ്‌ക്ക് 68 മുതൽ 80 സീറ്റുകൾ വരെയേ നേടാനാകൂ എന്നാണ് സർവേ ഫലത്തിൽ പറയുന്നത്. സംസ്ഥാനത്തെ മറ്റൊരു പ്രധാന കക്ഷിയായ ജനതാദൾ സെക്യുലർ 23 മുതൽ 35 സീറ്റുകൾ വരെ നേടുമെന്നും മറ്റ് പാർട്ടികൾക്ക് പരമാവധി രണ്ട് സീറ്റ് വരെ നേടാം എന്നുമാണ് സർവെയിൽ സൂചിപ്പിക്കുന്നത്.

ഹൈദരാബാദ്-കർണാടക മേഖലയിൽ കോൺഗ്രസ് മുന്നിലെത്തും. 44 ശതമാനം വോട്ട് ഇവിടെ കോൺഗ്രസ് നേടുമെന്നാണ് സർവെയിൽ പറയുന്നത്. ബിജെപിയ്‌‌ക്ക് ലഭിക്കുക 37 ശതമാനമാണ്. ഇതനുസരിച്ച് 19 മുതൽ 23 സീറ്റുകൾ വരെ കോൺഗ്രസിനും 8 മുതൽ 12 സീറ്റുകൾ വരെ ബിജെപിക്കും വിജയിക്കാനാകും. മഹാരാഷ്‌ട്രയോട് ചേർന്ന മുംബയ്-കർണാടക മേഖലയിലും കോൺഗ്രസ് മേൽക്കൈ നേടുമെന്നാണ് സൂചന. ഇവിടെ 25 മുതൽ 29 സീറ്റുകൾ വരെ കോൺഗ്രസും ബിജെപി 21 മുതൽ 25 വരെ സീറ്റുകളും നേടും. മംഗളൂരു, ഉടുപ്പിയടക്കം തീരദേശ കർണാടക മേഖലകളിൽ എന്നാൽ ബിജെപിയാണ് മുന്നിൽ. ഇവിടെ 46 ശതമാനം വോട്ട് ബിജെപി നേടും. കോൺഗ്രസിന് 41 ശതമാനം വോട്ടാണ് നേടാനാകുക. ജെഡിഎസ് 6 ശതമാനം വോട്ട് നേടുമെന്നുമാണ് സർവെ ഫലം.

മദ്ധ്യ കർണാടക മേഖലകളിൽ 41 ശതമാനം വോട്ട് നേടുക കോൺഗ്രസാണെന്നാണ് സർവെ സൂചന. ബിജെപി 38 ശതമാനം വോട്ടുകൾ ഇവിടെ നേടിയേക്കും. അതേസമയം ഇത്തവണ കോൺഗ്രസിനെയും ബിജെപിയെയും കർണാടകയിലെ ജനങ്ങൾ തള്ളിക്കളയുമെന്നും പ്രാദേശിക പാർട്ടിയെ അധികാരത്തിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജെഡി‌യു എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിച്ചു.