അറസ്‌റ്റിനെ ഭയക്കുന്നില്ല, സർക്കാരിനെയും പൊലീസ് നടപടികളെയും ശക്തമായി വെല്ലുവിളിച്ച് അമൃത്‌പാൽ സിംഗിന്റെ വീഡിയോ പുറത്ത്

Wednesday 29 March 2023 9:17 PM IST

ചണ്ഡിഗഡ്: വാരിസ് പഞ്ചാബ് ദെയുടെ അംഗങ്ങളോടും ഇന്ത്യയിലും പുറത്തുമുള്ള സിഖ് വംശജരോടും പഞ്ചാബിനെ രക്ഷിക്കാൻ ആഹ്വാനം ചെയ്‌ത് ഖലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാൽ സിംഗ്. യുട്യൂബിലൂടെ പുതുതായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് അമൃത്‌പാൽ സിംഗ് ഇത്തരത്തിൽ ആവശ്യപ്പെടുന്നത്. പഞ്ചാബ് സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തി സംസാരിക്കുന്ന അമൃത്‌പാൽ എന്നാൽ ഖലിസ്ഥാനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

പഞ്ചാബ് സർക്കാരിന് തന്നെ അറസ്‌‌റ്റ് ചെയ്യാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ പൊലീസിന് തന്റെ വീട്ടിൽ വരാമായിരുന്നു. താൻ വഴങ്ങിയേനെ. ഇയാൾ പഞ്ചാബിൽ തന്നെയുണ്ടെന്നും ഇന്ന് സുവർണക്ഷേത്രത്തിലെത്തി കീഴടങ്ങും എന്ന് നേരത്തെ വാർത്ത പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് അമൃത്‌സറിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി ജാഗ്രത പുലർത്തിയിരുന്നു. അതേസമയം പൊലീസിനോട് തന്നെ കസ്‌‌റ്റഡിയിൽ പീഡിപ്പിക്കരുതെന്നും അറസ്‌റ്റല്ല കീഴടങ്ങിയതാണെന്ന് രേഖപ്പെടുത്തണം എന്നും പഞ്ചാബിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും യുഎപിഎ ചുമത്തരുതെന്നും അമൃത്‌പാൽ കീഴടങ്ങുന്നതിന് നിബന്ധന വച്ചു എന്നും ചില സൂചനകൾ മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ അമൃത്‌സർ പൊലീസ് കമ്മീഷണർ ഇക്കാര്യം നിഷേധിച്ചു. ഹോഷിയാർപൂരിൽ ഇയാളുണ്ടെന്ന് സൂചന ലഭിച്ചതോടെ പഞ്ചാബ് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും അമൃത്‌പാൽ രക്ഷപ്പെട്ടതായാണ് വിവരം.

അറസ്‌റ്റ് ചെയ്യാനെത്തിയ ലക്ഷക്കണക്കിന് പൊലീസുകാരിൽ നിന്ന് സർവശക്തനായ ദൈവം തങ്ങളെ രക്ഷിച്ചെന്ന് അമൃത്‌പാൽ വീഡിയോയിൽ പറയുന്നുണ്ട്. ഇതിലൂടെ കീഴടങ്ങാൻ ഉദ്ദേശ്യമില്ലെന്ന സൂചനയാണ് ഇയാൾ നൽകിയത്. പഞ്ചാബിനെ രക്ഷിക്കാൻ വിവിധ സിഖ് സംഘടനകളോട് ഇയാൾ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുകയുമുണ്ടായി.