വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് അലമാര കുത്തിത്തുറന്ന് മോഷണം; തട്ടിയെടുത്തത് 25 ലക്ഷം രൂപയും ലക്ഷങ്ങളുടെ സ്വർണവും
ഫോർട്ടുകൊച്ചി: ചിരട്ടപ്പാലത്തെ വീട്ടിൽനിന്ന് സ്വർണവും പണവും ഉൾപ്പെടെ കവർന്ന കേസിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. കരുവേലിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചക്കിട്ടപ്പറമ്പിൽ മുജീബിനെയാണ് (44) മട്ടാഞ്ചേരി അസി. കമ്മിഷണർ കെ.ആർ. മനോജ്, മട്ടാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി എം.ഇ.എസ് ക്വാർട്ടേഴ്സിന് സമീപത്തുനിന്ന് ചൊവ്വാഴ്ച അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം.വീട്ടുകാർ കലൂർ പള്ളിയിൽപോയസമയത്ത് വീടിന്റെ ഒന്നാം നിലയിലെ വാതിൽ കുത്തിത്തുറന്ന് കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷംരൂപയും രണ്ടുലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മുപ്പത്തയ്യായിരം രൂപ വിലമതിക്കുന്ന ഡിജിറ്റൽ കാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കവരുകയായിരുന്നു.
എസ്.ഐമാരായ കെ.ആർ. രൂപേഷ്, വി.എസ്. സന്തോഷ്‌കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനീഷ്, മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ ജോൺ,അഗസ്റ്റിൻ എന്നിവരും എ.സി.പിയുടെ സ്‌ക്വാഡ് എസ്.ഐ. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണത്തിന് നേതൃത്വം നൽകി.