ആയുഷ് ഡോക്ടർമാർ ഗവർണറെ സന്ദർശിച്ചു
Thursday 30 March 2023 12:13 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ വിശ്വ ആയുർവേദ പരിഷത്തിന്റെ നേതൃത്വത്തിൽ ആയുഷ് ഡോക്ടർമാർ ഗവർണറെ സന്ദർശിച്ചു. ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. പകർച്ചവ്യാധികൾ ബാധിക്കുന്നവർക്ക് രോഗമുക്തി സർട്ടിഫിക്കറ്റ് നൽകുവാനുള്ള അധികാരം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് നൽകിയെങ്കിലും ആയുർവേദ,ഹോമിയോ വിഭാഗങ്ങൾക്ക് ചികിത്സയ്ക്ക് പൂർണ സ്വാതന്ത്ര്യമില്ല. ചികിത്സാ പ്രോട്ടോകോൾ തീരുമാനിക്കാനുള്ള അധികാരം അലോപ്പതി ഡോക്ടർമാർ നേതൃത്വം നൽകുന്ന കമ്മിറ്റിക്കാണ്. വിശ്വ ആയുർവേദ പരിഷത്തിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ആദർശ് സി. രവി,വൈസ് പ്രസിഡന്റ് ഡോ. അർജുൻചന്ദ് എന്നിവരാണ് ഗവർണറെ കണ്ടത്.