കർണാടകം മേയ് 10ന് ബൂത്തിലേക്ക് : രാഹുൽ ഊർജ്ജത്തിൽ കോൺഗ്രസ് , ഭരണത്തുടർച്ചയ്ക്ക് ബി.ജെ.പി

Thursday 30 March 2023 12:32 AM IST

 വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

ബംഗളൂരു : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ കോളിളക്കങ്ങൾക്കിടെ കർണാടകത്തിൽ മേയ് 10ന്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 13ന് വരുന്ന ഫലം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും അതിന് മുമ്പുള്ള മദ്ധ്യപ്രദേശ്,​ രാജസ്ഥാൻ,​ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും ദിശാസൂചകമായേക്കും.

അതേസമയം രാഹുൽ അയോഗ്യനായതോടെ ഒഴിവു വന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. രാഹുലിന് അപ്പീൽ നൽകാൻ വിചാരണക്കോടതി 30 ദിവസം നൽകിയതിനാൽ അത് വരെ കാത്തിരിക്കുമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്കുമാർ പറഞ്ഞത്.

കർണാടകത്തിലെ കോലാറിൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസംഗമാണ് രാഹുലിനെ അയോഗ്യനാക്കാൻ കാരണമായത്. ഏപ്രിൽ 5ന് കോലാറിൽ കോൺഗ്രസ് റാലിയിൽ രാഹുൽ പ്രസംഗിക്കും.

രാഹുലിനെ അയോഗ്യനാക്കിയത് കോൺഗ്രസ് ശക്തമായ പ്രചാരണ ആയുധമാക്കുകയും പ്രതിപക്ഷ ഐക്യത്തിന് വഴിയൊരുക്കുകയും ചെയ്‌തതോടെ കർണാടക തിരഞ്ഞെടുപ്പിന് വീറും വാശിയും കൂടും. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കമ്മിഷൻ വിവാദം അടക്കം സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളും ഉയർത്തി കോൺഗ്രസ് പ്രചാരണത്തിൽ മുന്നിലായിട്ടുണ്ട്.

ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ നേതൃത്വം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കാണെങ്കിലും അണിയറയിൽ തന്ത്രജ്ഞൻ മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ യെദിയൂരപ്പയാണ്. ജനസംഖ്യയിൽ 17ശതമാനമുള്ള ലിംഗായത്തുകൾക്ക് 120 സീറ്റുകളിൽ സ്വാധീനമുണ്ട്.

ജാതികാർഡ് കളിച്ച ബൊമ്മൈ സർക്കാർ നാല് ശതമാനം മുസ്ലിം സംവരണം എടുത്തു കളഞ്ഞ് വൊക്കലിഗ,​ ലിംഗായത്ത് സംവരണം വർദ്ധിപ്പിച്ചത് വിവാദമായിട്ടുണ്ട്. അധികാരത്തിലെത്തിയാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരണവിരുദ്ധ വികാരവും ബി. ജെ. പിക്ക് തലവേദനയാണ്.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിനുമിടയിലെ വടംവലിയാണ് കോൺഗ്രസിന്റെ ആശങ്ക.

2018ലെ സർക്കാർ രൂപീകരണ സമവാക്യം മറന്ന് കോൺഗ്രസും ജെ.ഡി.എസും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ജെ.ഡി.എസിനും എച്ച്.ഡി.കുമാരസ്വാമിക്കും ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്.എങ്കിലും രാഹുൽ പ്രശ്നത്തിൽ പ്രതിപക്ഷ രാഷ്‌ട്രീയ സാഹചര്യം മാറിയതോടെ ജെ. ഡി. എസിന് സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വന്നുകൂടെന്നില്ല.

വോട്ടെടുപ്പ് ഇങ്ങനെ

മേയ് 10....................224 സീറ്റിൽ ഒറ്റഘട്ടം വോട്ടെടുപ്പ്

മേയ് 13....................വോട്ടെണ്ണൽ

Advertisement
Advertisement