ഉദ്ധവിനെ അട്ടിമറിച്ചത് ഫ‌ഡ്നാവിസ്; വെളിപ്പെടുത്തലുമായി മന്ത്രി

Thursday 30 March 2023 1:16 AM IST

മുംബയ്:മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ചതിന്റെ സൂത്രധാരൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസാന്നെന്ന വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി തനാജി സാവന്ത്.

അട്ടിമറി പദ്ധതി ആസൂത്രണം ചെയ്യാൻ ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഫഡ്നാവിസും 150 തവണ കൂടിക്കാഴ്ച നടത്തി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിയാക്കാത്തതിനാൽ താനും പിന്തുണ നല്കി. മറാത്ത്‌വാഡ,​പശ്ചിമ മഹാരാഷ്ട്ര,​ വിദർഭ മേഖലകളിലെ ശിവസേന എം.എൽ.എമാരെ പാട്ടിലാക്കാനുള്ള ചുമതല തനിക്കായിരുന്നെന്നും തനാജി പറഞ്ഞു.

ഉദ്ധവ് സർക്കാരിനെ താഴെയിറക്കിയതിൽ തങ്ങൾക്ക് പങ്കില്ലെന്നായിരുന്നു ഫഡ്നാവിസിന്റെയും ബി.ജെ.പിയുടെയും വാദം. ശിവസേന - എൻ.സി.പി-കോൺഗ്രസ് സഖ്യത്തിലെ ( മഹാ വികാസ് അഘാഡി ) ശിവസേനയെ പിളർത്തിയാണ് സർക്കാരിനെ താഴെയിറക്കിയത്. തുടർന്ന് പിളർന്നു മാറിയ ശിവസേന പക്ഷം നേതാവ് എക്‌നാഥ് ഷിൻഡെ ബി. ജെ. പി പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിച്ചു. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയുമായി.