ഐരാണിമുട്ടത്ത് തിപിടിത്ത ഭീഷണിയുയർത്തി മാലിന്യകൂമ്പാരം

Thursday 30 March 2023 2:04 AM IST

തിരുവനന്തപുരം: ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ടിന് മുന്നിലെ പ്രധാന റോഡിന്റെ വശത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരം അപകട ഭീഷണയുർത്തുന്നു.

ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകുന്ന നഗരസഭയടക്കം ഇവിടെ മാലിന്യം തള്ളുന്നുണ്ടെന്നാണ് ആക്ഷേപം. ഇരുട്ടിന്റെ മറവിൽ ഫ്ളാറ്റുകളിൽ നിന്നും കടകളിലും നിന്നും പ്ളാസ്റ്റിക്കടക്കമുള്ള മാലിന്യം ഇവിടെ തള്ളുന്നുത് പതിവാണ്. കാലടി,നെടുങ്ങാട് വാർഡുകളിലെ കൗൺസിലർമാർ പലതവണ നഗരസഭയിൽ ഇക്കാര്യം ചൂണ്ടികാണിച്ചിരുന്നു. എന്നാൽ അധികൃതർ അനുകൂല നിലപാടെടുത്തില്ല. സ്വാകാര്യ വ്യക്തിയുടെ സ്ഥലത്താണിപ്പോൾ മാലിന്യം നിക്ഷേപം.നഗരസഭ ഡ്രെയിനേജ് സംവിധാനത്തിനായി വാങ്ങിയ സ്ഥലത്തിനടുത്താണിത്.

ഏത് നിമിഷവും തീപിടിക്കാം

രണ്ടു വർഷത്തിലധികമായി ഇവിടെ മാലിന്യം തള്ളുന്നുണ്ട്. മാലിന്യ കൂമ്പാരമായ ഇടത്ത് തീപിടിത്ത ഭീഷണിയുമുണ്ട്. ആറ്റുകാൽ പൊങ്കാല കഴിഞ്ഞുള്ള മാലിന്യവും ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. ആ സമയത്ത് ഇവിടെ തീപിടിത്തമുണ്ടായെങ്കിലും തൊഴിലാളികൾ തന്നെ അത് കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. മതിൽ കെട്ടണമെന്ന് ആവശ്യമുയർന്നപ്പോൾ മണക്കാട് കാലടി റോഡ് വീതി കൂട്ടുന്ന പദ്ധതി വരുന്നതിനാൽ മതിൽ കെട്ടാനാവില്ലെന്ന് ഉടമ മറുപടി പറഞ്ഞതായി കൗൺസിലർ പറഞ്ഞു.