സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ അധികാരം വെട്ടിക്കുറച്ച് പാകിസ്ഥാൻ

Thursday 30 March 2023 6:34 AM IST

കറാച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ല് പാസാക്കി പാകിസ്ഥാൻ പാർലമെന്റ്. ചൊവ്വാഴ്ച രാത്രി നിയമമന്ത്രി അസം നസീർ തരാർ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ബില്ലിന് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്. സ്വമേധയാ കേസെടുക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരത്തെ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സർക്കാർ ബില്ല് കൊണ്ടുവന്നത്. നീതി ന്യായ സ്റ്റാൻഡിംഗ് കമ്മിറ്റിയും സർക്കാർ മുന്നോട്ടുവച്ച ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് സ്വമേധയാ എടുക്കുന്ന കേസുകളുടെ വിധിക്കെതിരെ 30 ദിവസത്തിനകം അപ്പീൽ നൽകാനാകും. ഇത്തരം അപ്പീൽ 14 ദിവസത്തിനകം കേൾക്കാൻ ബെഞ്ച് രൂപീകരിക്കണമെന്നും ബില്ലിൽ പരാമർശിക്കുന്നു.

അതേ സമയം, സർക്കാർ നടപടിക്കെതിരെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. ജുഡീഷ്യറിക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന നടപടിയാണിതെന്നും തിരഞ്ഞെടുപ്പിൽ നിന്ന് രക്ഷപ്പെടുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇമ്രാൻ വിമർശിച്ചു. ക്രിമിനലുകളുടെ സംഘം പാകിസ്ഥാൻ സുപ്രീം കോടതിയെ ആക്രമിക്കുകയാണ്. അതിന്റെ അധികാരങ്ങൾ കുറയ്ക്കാനും അതിനെ തരംതാഴ്ത്താനുമുള്ള എല്ലാ ശ്രമങ്ങളും ജനങ്ങൾ ശക്തമായി ചെറുക്കണമെന്നും ഇമ്രാൻ പറഞ്ഞു.

Advertisement
Advertisement