3.5 കോടി ഡോളർ കാത്ത് എറ്റേണൽ പിങ്ക്

Thursday 30 March 2023 6:39 AM IST

ന്യൂയോർക്ക് : സമാനതകളില്ലാത്ത നിറവും തിളക്കവും... ഇതാണ് എറ്റേണൽ പിങ്കിന്റെ പ്രത്യേകത. ഡയമണ്ടുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മൂല്യമേറിയതും അപൂർവവുമാണ് പിങ്ക് നിറമുള്ളവ. അക്കൂട്ടത്തിൽ ഏറെ പ്രത്യേകതകൾ നിറഞ്ഞ പിങ്ക് ഡയമണ്ടാണ് എറ്റേണൽ പിങ്ക്. വരുന്ന ജൂണിൽ എറ്റേണൽ പിങ്കിനെ ന്യൂയോർക്കിൽ വച്ച് ലേലം ചെയ്യും.

3.5 കോടി ഡോളറാണ് എറ്റേണൽ പിങ്കിന് പ്രതീക്ഷിക്കുന്ന കുറഞ്ഞ തുകയെന്ന് ലേലം നടത്തുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള ലോകപ്രശസ്ത ഫൈൻ ആർട്സ് കമ്പനിയായ സതബീസ് പറയുന്നു. 10.57 കാരറ്റ് ഭാരമുള്ള എറ്റേണൽ പിങ്കിനെ നാല് വർഷങ്ങൾക്ക് മുമ്പ് ബോട്‌സ്വാനയിൽ നിന്ന് ഡീ ബിയേഴ്സ് കമ്പനിയാണ് കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ 23.87 കാരറ്റ് ഭാരമുണ്ടായിരുന്നു. പിന്നീട് ഇത് മിനുക്കിയെടുക്കുകയായിരുന്നു.

പർപ്പിൾ കലർന്ന പിങ്ക് നിറത്തോട് കൂടിയ എറ്റേണൽ പിങ്ക് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡയമണ്ടുകളിലൊന്നാണെന്ന് സതബീസ് പറയുന്നു. ലേലത്തിന് മുന്നോടിയായി ശനിയാഴ്ച ഹോങ്കോങ്ങിൽ എറ്റേണൽ പിങ്കിനെ അവതരിപ്പിക്കും. തുടർന്ന് ദുബായ്, സിംഗപ്പൂർ, ജനീവ തുടങ്ങിയ നഗരങ്ങളിൽ പ്രദർശിപ്പിക്കും.

അതേ സമയം, ഇതുവരെ ഏറ്റവും ഉയർന്ന ലേലത്തുക സ്വന്തമാക്കിയ ഡയമണ്ട് എന്ന റെക്കാഡ് 2017ൽ 7.12 കോടി ഡോളറിന് വിറ്റ 59.60 കാരറ്റ് ' പിങ്ക് സ്റ്റാറി"നാണ്. ലേലത്തിൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളതിൽ കാരറ്റിന് ഏറ്റവും ഉയർന്ന തുക ലഭിച്ച ഡയമണ്ടെന്ന ലോക റെക്കാഡ് ' വില്യംസൺ പിങ്ക് സ്റ്റാറി"നാണ്. ഇതാണ് ലേലത്തിൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ രണ്ടാമത്തെ പിങ്ക് ഡയമണ്ട്. 5.7 കോടി ഡോളറാണ് ഈ അമൂല്യ ഡയമണ്ടിന് ലഭിച്ചത്. 11.15 കാരറ്റ് പിങ്ക് ഡയമണ്ടാണ് വില്യംസൺ പിങ്ക് സ്റ്റാർ.