25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ' പുരാതന വോംബാറ്റി"നെ കണ്ടെത്തി

Thursday 30 March 2023 6:39 AM IST

കാൻബെറ : 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ജീവിച്ചിരുന്ന സഞ്ചിമൃഗത്തിന്റെ ഫോസിൽ കണ്ടെത്തി. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ചെറു സഞ്ചിമൃഗങ്ങളായ വോംബാറ്റുകളോടാണ് ഇക്കൂട്ടർക്ക് സാദൃശ്യം. ചെറിയ കറുത്ത കരടിയോളം വലിപ്പമുള്ള ഇക്കൂട്ടർക്ക് 50 കിലോഗ്രാമോളം ഭാരമുണ്ടായിരുന്നു. ' മുകുപിർന ഫോർട്ടിഡെൻറ്റാറ്റ' എന്നാണ് ഗവേഷകർ ഈ ജീവിയ്ക്ക് നൽകിയിരിക്കുന്ന പേര്. കങ്കാരു, ഒപ്പോസം, കോവാല തുടങ്ങിയ സഞ്ചിമൃഗങ്ങളുടെ കുടുംബത്തിൽപ്പെട്ടവയാണ് ഇവയെന്നും ഗവേഷകർ പറയുന്നു. മദ്ധ്യ ഓസ്ട്രേലിയയിലെ ആലീസ് സ്പ്രിംഗ്സിന് സമീപത്ത് നിന്ന് ഇവയുടെ തലയോട്ടിയുടെയും അസ്ഥിയുടെയും ഭാഗങ്ങൾ കണ്ടെത്തി. ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ ടീം 2,000ത്തിലേറെ മണിക്കൂറുകൾ കൊണ്ട് ഈ ജീവിയുടെ 35 ഭാഗങ്ങളാണ് കണ്ടെത്തിയത്. വോംബാറ്റുകളെ പോലെ ചെറു ഗുഹകൾ ഇക്കൂട്ടരും നിർമിച്ചിരുന്നതായി കരുതുന്നു. അന്ന് ഓസ്ട്രേലിയയിൽ ജീവിച്ചിരുന്നവയിൽ ഏറ്റവും വലിയ ജീവികളിൽ ഒന്നായിരുന്നു ഇവ. വോംബാറ്റുകളോട് സാദൃശ്യമുണ്ടെങ്കിലും വോംബാറ്റുകളുടെ അഞ്ചിരട്ടി വലിപ്പം ഇവയ്ക്ക് ഉണ്ടായിരുന്നു. പഴങ്ങൾ, നട്സ്, കിഴങ്ങുകൾ എന്നിവ ആയിരുന്നിരിക്കാം ഈ ജീവിയുടെ ആഹാരമെന്ന് കരുതുന്നു. ഇവയ്ക്ക് എന്നാണ് വംശനാശം സംഭവിച്ചതെന്നതിനെ പറ്റി കൃത്യമായ ഉത്തരം ഇല്ല. കാലാവസ്ഥാ വ്യതിയാനമാണ് ഇവ ലോകത്ത് നിന്നും തുടച്ചു നീക്കപ്പെടാൻ കാരണമായതെന്ന് കരുതപ്പെടുന്നു. അതേ സമയം, പ്രാചീന കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ സഞ്ചി മൃഗം ഡിപ്രോറ്റോഡൻ ഒപ്റ്റാറ്റം ആണ്. ഏകദേശം 2,500 കിലോഗ്രാമായിരുന്നു ഇതിന്റെ ഭാരം.

Advertisement
Advertisement