ശ്വാസകോശത്തിൽ ‌അണുബാധ; ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Thursday 30 March 2023 8:27 AM IST

വത്തിക്കാൻ സിറ്റി : ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എൺപത്തിയാറുകാരനായ മാര്‍പാപ്പയ്ക്ക് അടുത്തിടെ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പരിശോധനയില്‍ കൊവിഡല്ലെന്ന് സ്ഥിരീകരിച്ചു എന്നാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിക്കുന്നത്. ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ പീഡാനുഭവ വാരത്തിലെ തിരുക്കര്‍മങ്ങളില്‍ മാര്‍പാപ്പ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഏപ്രിൽ അവസാനം അദ്ദേഹം ഹംഗറി സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് മാറ്റിവയ്ക്കുമാേ എന്ന് വ്യക്തമല്ല.

2021 ജൂലായിലും മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം ഇത് ആദ്യമായാണ് അദ്ദേഹം ആശുപത്രിയിലാവുന്നത്. കാൽമുട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം കുറച്ചുനാളുകളായി മാർപാപ്പ വീൽചെയർ ഉപയോഗിക്കുന്നുണ്ട്.