തൃശൂരിൽ ആറുവയസുകാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു, മാതാവിന് ഗുരുതര പരിക്ക്

Thursday 30 March 2023 10:28 AM IST

തൃശൂർ: ജില്ലയിലെ മുപ്ലിയത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ആറുവയസുകാരൻ വെട്ടേറ്റ് മരിച്ചു. ആസാം സ്വദേശി നജിറുള്‍ ഇസ്‌ലാമാണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ പലയിടത്തും മാരകമായി വെട്ടേറ്റ മാതാവ് നജ്‌മ കാട്ടൂനെ ഗുരുതരപരിക്കുകളോടെ തൃശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് കൊലപാതകം നടന്നത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വത്തുതർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും നജ്‌മയുടെ സഹോദരനാണ് അക്രമം നടത്തിയതെന്നും ഇയാൾ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നുമാണ് പൊലീസ് നൽകുന്ന സൂചന. അക്രമിക്ക് നാട്ടുകാരുടെ മർദ്ദനമേറ്റെന്നും സംശയമുണ്ട്. തറയോട് നിർമ്മാണ കേന്ദ്രത്തിൽ ജോലിനോക്കുന്ന നജ്‌മയും കുടുംബവും ഫാക്ടറിയോട് ചേർന്നാണ് താമസിക്കുന്നത്. ഇന്നലെ രാത്രി ആസാമിൽ നിന്ന് കുട്ടിയുടെ അമ്മാവനടക്കം ചിലർ ഇവിടെ എത്തിയതായും അറിയുന്നുണ്ട്. ഇവർക്ക് അക്രമവുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.