'മോദിക്കെതിരെ മൊഴി നൽകാൻ സി ബി ഐ സമ്മർദ്ദം ചെലുത്തി'; വെളിപ്പെടുത്തലുമായി അമിത് ഷാ

Thursday 30 March 2023 12:01 PM IST

ന്യൂഡൽഹി: കോൺഗ്രസ് മുഖ്യ ഘടകമായ യു പി എ സർക്കാരിന്റെ ഭരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകാൻ സി ബി ഐ തനിക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇതെന്നും അമിത് ഷാ വ്യക്തമാക്കി. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ മോദി അവഗണിച്ചതിനെക്കുറിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെക്കൂടി ഉൾപ്പെടുത്തി മൊഴി നൽകാനാണ് സി ബി ഐ ആവശ്യപ്പെട്ടത്. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഹങ്കാരിയാണെന്നും മന്ത്രി അമിത് ഷാ പറഞ്ഞു. എം പിയായി തുടരാൻ ആഗ്രഹമുണ്ടായിട്ടും രാഹുൽ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകാത്തത് അഹങ്കാരം കൊണ്ടാണ്. കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയല്ല രാഹുൽ ഗാന്ധി. അതിനെ ഇത്രയ്ക്ക് സംഭവമാക്കേണ്ടതില്ലെന്നും കരയേണ്ടതില്ലെന്നും അമിത് ഷാ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

കോൺഗ്രസ് ഉൾപ്പെടെ 14 പ്രതിപക്ഷ പാർട്ടികൾ സി ബി ഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ഏകപക്ഷീയമായ ഉപയോഗത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹ‌‌ർജി അംഗീകരിച്ച സുപ്രീം കോടതി ഏപ്രിൽ അഞ്ചിന് വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തു. അഴിമതിക്കാരെ സംരക്ഷിക്കാൻ ചില പാർട്ടികൾ ഒന്നിച്ചിരിക്കുന്നുവെന്നായിരുന്നു ഇതിന് പിന്നാലെ മോദി പ്രതികരിച്ചത്.