ഇനി ചോളന്മാരുടെ പോരാട്ടം;  'പൊന്നിയിൻ  സെൽവൻ 2' ട്രെയ്‌ലർ പുറത്ത്, ട്രെയ്‌ലർ  ലോഞ്ച് ചടങ്ങിൽ താര സുന്ദരികൾ എത്തിയത് ഇങ്ങനെ

Thursday 30 March 2023 12:12 PM IST

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പൊന്നിയിൻ സെൽവൻ 2'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 3.26 മിനിട്ട് ദെെർഘ്യമുള്ളതാണ് ട്രെയ്‌ലർ. ആദ്യ ഭാഗം കണ്ടവരുടെ ആകാംക്ഷയെ വർദ്ധിപ്പിക്കുന്ന തരത്തിലാണ് രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ.

വിഖ്യാത എഴുത്തുകാരൻ കൽക്കി കൃഷ്‌ണമൂർത്തിയുടെ പ്രശസ്‌തമായ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആധാരമാക്കിയാണ് മണിരത്നം 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രം ഒരുക്കിയത്. കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ഇതിന്റെ തുടർച്ചയാണ് പി എസ് 2 എത്തുന്നത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, റിയാസ് ഖാൻ , ലാൽ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി എസ് 2 ഏപ്രിൽ 28നാണ് റീലിസ് ചെയ്യുന്നത്.

എ ആർ റഹ്മാന്റെ സംഗീതവും, രവി വർമ്മന്റെ ഛായാഗ്രഹണവും, തോട്ടാധരണിയുടെ കലാ സംവിധാനവും പൊന്നിയിൻ സെൽവനിലെ ആകർഷക ഘടകങ്ങളാണ്. ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച 'പൊന്നിയിൻ സെൽവൻ-2 തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

ചെന്നെെയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കമലഹാസനാണ് 'പൊന്നിയിൻ സെൽവൻ 2'ന്റെ ട്രെയ്‌ലർ പുറത്തിറക്കിയത്. ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ താര സുന്ദരികളായ ഐശ്വര്യ റായിയും തൃഷയും എത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നത്. അതീവ സുന്ദരികളായാണ് ഇരുവരും എത്തിയിരുന്നുത്.

പിങ്ക് നിറത്തിലുള്ള അനാർക്കലി ധരിച്ച് റോയൽ ലുക്കിലാണ് ഐശ്വര്യാ റായി എത്തിയത്. നീല നിറത്തിലുള്ള എത്‌നിക് സാരിയിലാണ് തൃഷ എത്തിയത്.