സർജറി ചെയ്യേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞതിന് ശേഷമാണ് അറിഞ്ഞത്, കൈ പാരലൈസ്ഡ് ആയി; ഒൻപത് മാസത്തോളം ഒരു മുറിയിലായിരുന്നു ജീവിതം

Thursday 30 March 2023 2:20 PM IST

ഡയമണ്ട് നെക്ലേസ്, മധുരരാജ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ,ചന്ദ്രേട്ടൻ എവിടെയാ, ഓട്ടോറിക്ഷ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. നടിയുടെ പുതിയ ചിത്രമായ 'കള്ളനും ഭഗവതിയും' നാളെയാണ് റിലീസ് ചെയ്യുന്നത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ താൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. രോഗം മൂലം ഒൻപത് മാസക്കാലം മുറിക്കുള്ളിൽ കഴിയേണ്ടി വന്നതിനെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.

'ഇതിഹാസയൊക്കെ കഴിഞ്ഞ സമയത്താണ്. നടന്നപ്പോൾ പെട്ടെന്ന് കൈയുടെ ഒരു സൈഡിൽ ബാലൻസില്ലാതെ പോണതുപോലെ തോന്നി. എന്താണെന്നൊന്നും മനസിലായില്ല. പിന്നെയത് മാറി. പിന്നീട് അത് റിപ്പീറ്റായി വരാൻ തുടങ്ങിയപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി. എക്സറേയും അതും ഇതൊക്കെ എടുത്തു. കണ്ടുപിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യം.

മൂന്നാല് മാസത്തെ ചികിത്സയ്‌ക്കൊടുവിൽ എക്സ്ട്രാ ഒരു ബോൺ വളർന്നുവരുന്നതായും, അതിൽ നേർവ് എന്തോക്കെയോ കയറി ചുറ്റുകയൊക്കെ ചെയ്തിട്ട് കംപ്രസ്‌‌ഡായി. കുറച്ചൊരു വേഴ്സായ സിറ്റുവേഷനായിരുന്നു. പൾസ് ഈ കൈയിൽ കിട്ടാത്ത അവസ്ഥ. സർജറി ചെയ്യേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞതിന് ശേഷമാണ് നമ്മളിത് തിരിച്ചറിയുന്നത്.

ഇതിഹാസ റിലീസാവേണ്ട സമയമാണ്. ഒടുവിൽ പെട്ടെന്ന് സർജറി ചെയ്തു. സർജറി കഴിഞ്ഞ് എട്ടൊൻപതുമാസം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. സിനിമയൊക്കെ പെട്ടിയിൽ പൂട്ടിവയ്ക്കണമെന്ന തീരുമാനം. ഒൻപത് മാസം ഒരു റൂമിനകത്ത് നിന്നു.'- അനുശ്രീ പറഞ്ഞു.