'ആ സംഭവത്തിനുശേഷം പയർ കഴിച്ചിട്ടില്ല, പുറത്തുപറയാൻ 40 വർഷമെടുത്തു' മനസുതുറന്ന് സ്മൃതി ഇറാനി

Thursday 30 March 2023 3:41 PM IST

തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ ഘട്ടങ്ങളെക്കുറിച്ച് മനസുതുറന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. തന്റെ മാതാപിതാക്കൾ പിരിയാൻ തീരുമാനിച്ചതും ഗുരുഗ്രാമിലെ വീട് നഷ്ടമായതും വെളിപ്പെടുത്തുകയായിരുന്നു അവർ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് സ്‌മൃതി ഇറാനി ഇക്കാര്യങ്ങൾ പങ്കുവച്ചത്.

സ്‌മൃതി ഇറാനിയുടെ വാക്കുകളിലേയ്ക്ക്:

ഗുരുഗ്രാമിലെ ഞങ്ങളുടെ ആദ്യത്തെ വീട് എന്നെ സംബന്ധിച്ച് അനേകം കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന ഒന്നാണ്. വീട് അടിച്ചുവാരുന്നതും വൃത്തിയാക്കുന്നതുമായിരുന്നു എന്റെ പ്രധാന ജോലി. ആ വീടിനെക്കുറിച്ചുള്ള എന്റെ അവസാനത്തെ ഓർമ്മ ഏഴാം വയസിലാണ്. ആ വീടിന്റെ ഒരേയൊരു ഫോട്ടോയാണ് എന്റെ പക്കലുള്ളത്. ഞാനൊരു വെള്ള ഫ്രോക്കും പാർട്ടിയ്ക്ക് അണിയാറുള്ള തൊപ്പിയും ഒരു പൊട്ടും വച്ചിട്ടുണ്ട്. അതിനുശേഷം 40ാമത്തെ വയസിലാണ് ഞാൻ എന്റെ ജന്മദിനം ആഘോഷിച്ചത്.

ആ വീട്ടിലെ അവസാന ദിവസം 1983ലായിരുന്നു. ഞാനും സഹോദരിമാരും കറുത്ത പയർ കൊണ്ടുള്ള ഭക്ഷണം കഴിക്കുകയായിരുന്നു. ആ നിമിഷം ഒരു സിനിമാരംഗം പോലെയാണ് എനിക്ക് തോന്നാറുള്ളത്. ഇതിനിടെ ഞങ്ങളുടെ മാതാവ് ഒരു ഓട്ടോ വിളിച്ചുനിർത്തുകയും ഞങ്ങളോട് വേഗത്തിൽ കഴിക്കാനും ആവശ്യപ്പെട്ടു. നമ്മൾ ഡൽഹിയിലേയ്ക്ക് പോവുകയാണെന്നും പറഞ്ഞു. അതിനുശേഷം ഇതുവരെ ഞാൻ കറുത്ത പയർ കഴിച്ചിട്ടില്ല.

അമ്മയോടൊപ്പം ആ വീടിന് പുറത്ത് നിന്നത് ഞാൻ ഓർക്കുന്നു. ഈ വീട് ഒരു ദിവസം വാങ്ങുമെന്ന് ഞാനപ്പോൾ അമ്മയോട് പറഞ്ഞു. എന്നാൽ അമ്മ അതിനോട് പ്രതികരിച്ചില്ല. ഞങ്ങൾ റിക്ഷയിൽ കയറി അവിടെനിന്ന് യാത്രയായി. വർഷങ്ങൾക്ക് ശേഷം ഞാൻ എം പിയായി ഡൽഹിയിൽ എത്തിയപ്പോൾ ആ പഴയ വീട്ടിൽ പോയിരുന്നു. എനിക്ക് 37 വയസായിരുന്നു അപ്പോൾ. ഭർത്താവ് എന്റെ ഒപ്പമുണ്ടായിരുന്നു. ഞങ്ങൾ സ്വമേധയാ വിട്ടുപോയ വീടല്ലെന്നും ഞങ്ങളോട് പോകാൻ ആവശ്യപ്പെട്ടതായിരുന്നെന്നും അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് അമ്മയെ വിളിച്ച് ആ വീട് വാങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചു. ഒരു പണത്തിനും ദുരിതങ്ങൾ തിരികെ വാങ്ങാൻ കഴിയില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം.

ഈ വീടല്ലെങ്കിൽ പിന്നെ വേറെ ഏത് വീടെന്ന് ഞാൻ അമ്മയോട് ചോദിച്ചു. പെൺമക്കളിൽ നിന്ന് ഒന്നും സ്വീകരിക്കാൻ കഴിയില്ല. എന്നാൽ മരിക്കുമ്പോൾ സ്വന്തം വീട്ടിൽ മരിക്കാനാണ് ആഗ്രഹമെന്ന് അമ്മ ആദ്യമായി എന്നോട് പറഞ്ഞു. ജീവിതകാലം മുഴുവൻ അമ്മ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആറുവർഷത്തിന് മുൻപ് ഞാൻ ഒരു വീട് വാങ്ങി. അമ്മയുടെ സ്വാഭിമാനം സംരക്ഷിക്കാൻ അമ്മ അന്നെനിക്ക് ഒരു രൂപ വാടകയായി തന്നു. തന്റെ ആഗ്രഹം സഫലമാക്കി സമാധാനമായി അമ്മയ്ക്ക് മരിക്കാൻ സാധിക്കുമെന്നതാണ് എന്നെ ഏറ്റവും സംതൃപ്തയാക്കുന്നത്.

എന്റെ പിതാവ് പഞ്ചാബി-ഖാത്രിയും എന്റെ അമ്മ ബംഗാളി-ബ്രാഹ്മിണുമാണ്. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് അവർ വിവാഹം കഴിച്ചത്. അന്ന് വെറും 150 രൂപ മാത്രമായിരുന്നു അവരുടെ കൈവശം ഉണ്ടായിരുന്നത്. തുടക്കത്തിൽ പശുത്തൊഴുത്തിന് മുകളിലുള്ള മുറിയിലായിരുന്നു അവരുടെ താമസം. പിന്നീട് അവർ ഗുരുഗ്രാമിലേയ്ക്ക് താമസം മാറുകയായിരുന്നു. സാമ്പത്തിക, സാമൂഹിക സംഘർഷത്തിലാണ് അവർ ജീവിച്ചത്. സൈനിക ക്ളബിന് മുൻപിലായി പിതാവ് പുസ്‌തകം വിൽക്കുമായിരുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം കൂടും. വീടുകൾതോറും സുഗന്ധവ്യഞ്ജനങ്ങൾ വിറ്റാണ് അമ്മ പണം സമ്പാദിച്ചിരുന്നത്.

എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞുവെന്ന് പറയാൻ എനിക്ക് 40 വർഷം വേണ്ടിവന്നു. അവർ പിരിഞ്ഞ സമയം ആളുകൾ ഞങ്ങളെ അവജ്ഞയോടെയാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് അവർ അനുഭവിച്ച ദുരിതം എനിക്ക് മനസിലാക്കാൻ സാധിക്കും. വെറും നൂറ് രൂപ പോക്കറ്റിൽ വച്ച് ജീവിതം മുന്നോട്ടു പോകേണ്ടി വന്നതും മക്കളെ വളർത്താൻ കഷ്ടപ്പെട്ടതും ഇന്ന് മനസിലാകുന്നു. പിതാവ് അധികം പഠിച്ചിരുന്നില്ല. എന്നാൽ അമ്മ ബിരുദധാരിയായിരുന്നു. ഇതും അവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കാം.

Advertisement
Advertisement