ക്ഷേത്രത്തിനുള്ളിലെ കിണർ തകർന്നുവീണു,13 പേർക്ക് ദാരുണാന്ത്യം; അകപ്പെട്ടത് മുപ്പതിലധികം പേർ

Thursday 30 March 2023 4:48 PM IST

ഇൻഡോർ: ക്ഷേത്രത്തിനുള്ളിലെ പടിക്കിണർ തകർന്നുവീണ് രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ 13 പേർ മരിച്ചു. മദ്ധ്യപ്രദേശ് ഇൻഡോറിലെ ബെലേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കിണറിന്റെ മേൽക്കൂര തകർന്ന് മുപ്പതിലധികം പേർ കിണറ്റിൽ വീണു. ഇവരിൽ 19 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേരും നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്.

രാം നവമി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനിടെ കിണറിന്റെ മേൽക്കൂരയിൽ ആളുകൾ തുടർച്ചയായി ചവിട്ടിയതാണ് ദുരന്തത്തിന് കാരണമായത്. കയറും ഏണിയും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. നിർഭാഗ്യകരമായ സംഭവമാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ അറിയിച്ചു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. ഇൻഡോറിലെ സംഭവത്തിൽ അതിയായി ദുഃഖിക്കുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ ആരാഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisement
Advertisement