ജയരാജിന് ഇനി പെരുങ്കളിയാട്ടം, പെരുവണ്ണാനായി സുരേഷ് ഗോപി
1997ൽ ദേശീയ അവാർഡിന് അർഹമായ കളിയാട്ടത്തിന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിക്കുന്ന ഒരു പെരുങ്കളിയാട്ടം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ പെരുവണ്ണാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, അനശ്വര രാജൻ, കെ. ജി. എഫ് ചാപ്ടർ 2 ഫെയിം ബി. എസ് അവിനാഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.
കാപ്പയ്ക്ക് ശേഷം യൂഡ്‌ലി ഫിലിമ്സിന്റെ ബാനറിൽ സരിഗമ ഇന്ത്യ ലിമിറ്റഡ് ഫിലിംസ് ആൻഡ് ഇവന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. കളിയാട്ടത്തിന്റെ ഓർമ്മകൾ ഇന്നും ഞങ്ങളിലും പ്രേക്ഷകരിലും ഒരുപോലെ അവശേഷിക്കുന്നു. കാലക്രമേണ ഞാനും ജയരാജും സിനിമയിലും ജീവിതത്തിലും ഒരുപാട് അനുഭവങ്ങൾ സമ്പാദിച്ചു. 27 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് മറ്റൊരു നാഴികക്കല്ലായി മാറുവാൻ സാധിക്കട്ടെയെന്നും സിനിമയുടെ ഭാഗമാവാൻ കാത്തിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. മികച്ച തിരക്കഥയുടെ പിൻബലത്തോടെ ഞങ്ങളുടെ മുന്നിൽ വന്ന പ്രോജക്ട് തിരഞ്ഞെടുക്കുവാൻ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ചിത്രം പ്രേക്ഷകർക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്ന് സരിഗമ ഇന്ത്യ ലിമിറ്റഡ് ഫിലിംസ് ആൻഡ് ഇവന്റ്സ് സീനിയർ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ പറഞ്ഞു.