സോൺടയ്ക്ക് കരാർ പുതുക്കി നൽകി കോഴിക്കോട് കോർപ്പറേഷൻ; നടപടി പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവെയ്ക്കാതെ

Thursday 30 March 2023 7:04 PM IST

തിരുവനന്തപുരം:പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവെയ്ക്കാതെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺടാ കമ്പനിയ്ക്ക് നീട്ടിനൽകി കോഴിക്കോട് കോർപ്പറേഷൻ. ഉപാധികളോടെയാണ് കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യം നീക്കം ചെയ്യാനുള്ള കരാർ സോൺട ഇൻഫ്രാടെകിന് തന്നെ തുടർന്നും നൽകാൻ ഭരണസമിതി തീരുമാനമെടുത്തത്. 30 ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നാണ് ഉപാധി.കരാർ ലംഘിക്കുന്ന പക്ഷം കോർപ്പറേഷൻ നിശ്ചയിക്കുന്ന തുക പിഴയായി നൽകണം.

ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തതിന് പിന്നാലെ വിവാദ നിഴലിലായ സോൺടയ്ക്ക് വീണ്ടും കരാർ പുതുക്കി നൽകിയ തീരുമാനത്തിൽ പ്രതിപക്ഷം എതിർപ്പറിയിച്ചു. നേരത്തെ നാല് തവണ സോൺടയ്ക്ക് മാലിന്യ സംസ്കരണത്തിനുള്ള കരാർ പുതുക്കി നൽകിയിരുന്നു. നാല് വർഷമായി വരാത്ത മാറ്റം ഇപ്പോളനുവദിച്ച സമയപരിധിയ്ക്കുള്ളിൽ ഉണ്ടാകുമോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കൂടാതെ സോൺടയെ കരിമ്പട്ടികയിൽപ്പെടുത്തി കരാറിൽ നിന്ന് പിന്മാറണമെന്നും പ്രതിപക്ഷ കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം സോൺട കമ്പനിയ്ക്കെതിരെ ജർമൻ പൗരനായ പാട്രിക് ബൗവർ പ്രധാനമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. നിക്ഷേപക തട്ടിപ്പായിരുന്നു സോൺടയ്ക്കും രാജ്കുമാർ പിള്ളയ്ക്കുമെതിരെ പരാതിയിൽ ഉന്നയിച്ചിരുന്ന പ്രധാന ആരോപണങ്ങൾ. നിക്ഷേപിച്ച തുക തിരികെ ലഭിക്കാനായി നാല് വർഷമായി ശ്രമിക്കുന്നതായും വിഷയത്തിൽ പ്രധാനമന്ത്രി ഇടപെട്ട് തീർപ്പ് കൽപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.