എൻ.കെ പ്രേമചന്ദ്രൻ ശബരിമല ബിൽ അവതരിപ്പിച്ചു, 17ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബിൽ
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിനെതിരെയുള്ള സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പിയാണ് ബിൽ അവതരിപ്പിച്ചത്. സഭ ഏകകണ്ഠമായാണ് ബില്ലിന് അനുമതി നൽകിയത്. ബിൽ ഈ മാസം 25ാം തീയതിയുള്ള നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. തുടർന്ന് നറുക്കെടുക്കുകയാണെങ്കിൽ ജൂലായ് 12ന് ഇത് സംബന്ധിച്ച് ചർച്ച നടത്തും. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി ശബരിമലയിൽ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. ശബരിമല 'ശ്രീധർമശാസ്‌ക്ഷ്രേത്ര ബിൽ' എന്ന പേരിലാണ് എൻ.കെ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. 17ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.
അതേസമയം, ലോക്സഭയിൽ ശബരിമല വിഷയം ഉന്നയിച്ച് ബി.ജെ.പി എം.പി മീനാക്ഷി ലേഖി. ഭക്തരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം വേണമെന്ന് മീനാക്ഷി ലേഖി ശൂന്യവേളയിൽ ഉന്നയിച്ചു. ശബരിമലയിലെ യുവതി പ്രവേശനം തടയുന്നതിന് നിയമനിർമ്മാണം നടപ്പിലാക്കണം. ആചാര സംരക്ഷണത്തിന് ഭരണഘടന പരിരക്ഷ വേണമെന്നും അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗങ്ങളായി കണക്കാണമെന്നും മീനാക്ഷി ലേഖി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ഇതിനിടെ ശബരിമല സംബന്ധിച്ച ബില്ലുകൾ പൂർണതയുള്ളതല്ലെന്നും മാദ്ധ്യമവാർത്തകളിൽ ഇടം നേടാനാണ് ബില്ലായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തെ പ്രേമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു. സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസുണ്ടെന്നുമുള്ള അവരുടെ അഭിപ്രായം മുഖംരക്ഷിക്കലാണ്. ഒരു ഭാഗത്ത് യോജിക്കുകയും യു.ഡി.എഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയുമാണ് മീനാക്ഷി ലേഖിയുടെ നിലപാടിന് പിന്നിലുള്ളതെന്നും പ്രേമചന്ദ്രൻ ബിൽ അവതരിപ്പിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി ബില്ലിനെ രാഷ്ട്രീയമായി നേരിടാൻ ശ്രമിക്കുകയാണ്. നിയമ മന്ത്രാലയം അംഗീകരിച്ച ബില്ലാണ് അവതരിപ്പിച്ചത്. ആ ബില്ലാണ് അപൂർണമാണെന്ന് പറയുന്നത്. സാങ്കേതികമായ തടസവാദങ്ങൾ ഉന്നയിച്ച് മുഖംരക്ഷിക്കാനാണ് ഇതിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. അവർ ആശയക്കുഴപ്പത്തിലാണ്. വിശ്വാസ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന അവർ ക്രിയാത്മകമായി അധികാരം ഉപയോഗിക്കാൻ ഒന്നും ചെയ്തിട്ടില്ല. അവരുടെ ആത്മാർത്ഥതയില്ലായ്മ തെളിക്കുകയാണ് അവർ ചെയ്തിരിക്കുന്നതെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.