ബംഗാൾ സ്വദേശിയെ കഴുത്തറുത്ത് കൊന്ന കേസ്: മൂന്നു പേർക്ക് ജീവപര്യന്തം
പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയിൽ ബംഗാൾ സ്വദേശി ഇബ്രാഹിം കൊക്കൂണിനെ (34) കഴുത്തറുത്ത് കൊന്ന കേസിൽ മൂന്നുപ്രതികൾക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിന തടവും പിഴയും. കേസിലെ ആദ്യ മൂന്ന് പ്രതികളായ ബംഗാൾ ബർദാൻ ജില്ലയിലെ റഫീഖ് സേക്ക് (46),ജിക്രിയ മാലിക് (37),യാക്കൂബ് സേക്ക് (63) എന്നിവരെയാണ് പാലക്കാട് സെക്കന്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സ്മിത ജോർജ് ശിക്ഷിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും 75,000രൂപ വീതം പിഴയും ഗൂഢാലോചനയ്ക്ക് ജീവപര്യന്തം കഠിന തടവും 50,000രൂപ വീതം പിഴയും തെളിവ് നശിപ്പിക്കലിന് അഞ്ചുവർഷം കഠിന തടവും 20,000രൂപവീതം പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഒളിവിൽ പോയ നാലാംപ്രതി അനിസുർ റഹ്മാൻ സേക്ക് (45) എന്ന കോച്ചിയുടെ പേരിൽ പുതിയ സെഷൻസ് കേസ് നിലനിൽക്കും.
2013 ഒക്‌ടോബർ നാലിന് പുലർച്ചെ മണൽ വാരാനെന്ന വ്യാജേന ഇബ്രാഹിമിനെ കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.അവിഹിതബന്ധമെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ടയാളും പ്രതികളും കെട്ടിടനിർമ്മാണ തൊഴിലാളികളാണ്.ഇബ്രാഹിമിന്റെ മുറിച്ചുമാറ്റിയ തല രണ്ടാംപ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയതാണ് നിർണായകമായത്.വിസ്തരിച്ച 28സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി പറഞ്ഞു. 58രേഖകളും 22മുതലുകളും തെളിവായി ഹാജരാക്കി.