പിടികൂടാനെത്തിയ പൊലീസിനെ കാറുകൊണ്ടിടിച്ച് പ്രതി രക്ഷപ്പെട്ടു

Friday 31 March 2023 3:41 AM IST

വിഴിഞ്ഞം: കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയെ പിടികൂടാൻ പോയ പൊലീസിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സനൽകുമാറിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈവിരലിന് പൊട്ടലേറ്റ ഇയാളെ അടിയന്തര സർജറിക്ക് വിധേയമാക്കി. ബുധനാഴ്ച രാത്രി 8ഓടെ വിഴിഞ്ഞം ചൊവ്വര ജംഗ്ഷനിലായിരുന്നു സംഭവം. ഒരു വർഷം മുൻപ് പുല്ലുവിള സ്വദേശിയായ ടെന്നു എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗസംഘത്തിലെ പ്രധാനിയായ അടിമലത്തുറ സ്വദേശി അജയെ (26) പിടികൂടാനാണ് കാഞ്ഞിരംകുളം എസ്.ഐ ഉൾപ്പെടെയുള്ള സംഘം പോയത്.

തിരുവനന്തപുരം മുതൽ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് മഫ്ടിയിലും യൂണിഫോമിലുമായി കാറിൽ സഞ്ചരിച്ചിരുന്ന പ്രതിയെ പിന്തുടർന്നു. കോവളം കഴിഞ്ഞെന്ന് മനസിലാക്കിയ പൊലീസ് റോഡിൽ സ്വകാര്യകാർ കുറുകെയിട്ട് മാർഗതടസം സൃഷ്ടിച്ച് കാത്തിരുന്നു. ചൊവ്വര ജംഗ്ഷനിൽ മഫ്ടിയിൽ ബൈക്കിൽ കാത്തുനിന്ന സനൽകുമാറും സഹപ്രവർത്തകനായ ഷരണും സംശയകരമായിക്കണ്ട കാറിനെ തടഞ്ഞുനിറുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടിമലത്തുറ റോഡിലേക്ക് പോയ കാറിന് മാർഗതടസം സൃഷ്ടിച്ച് പൊലീസ് നിറുത്തിയിരുന്ന കാർ കാരണം മുന്നോട്ടുപോകാനായില്ല. ഇതിനിടെ പിറകെയെത്തിയ ഷരണും സനൽകുമാറും പ്രതിയുടെ കാറിനുപിറകിൽ ബൈക്ക് വച്ചശേഷം കാറിന്റെ ഡോർ തുറന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചു. അജയ് അവരെ തള്ളിയിട്ട ശേഷം കാർ ശക്തമായി പിറകോട്ടെടുത്തു. 30 മീറ്ററോളം ദൂരം ബൈക്കിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് എത്തുന്നതിനിടെ പ്രതി രക്ഷപ്പെട്ടു. പിറകോട്ടെടുത്ത കാറിനടിയിൽപ്പെടാതെ രക്ഷപ്പെട്ട സനൽകുമാറിന്റെ വലതു കൈവിരലിലെ എല്ല് പൊട്ടി. ഷരണിന് നിസാര പരിക്കേറ്റു. ബാംഗ്ലൂർ ബന്ധമുള്ള കഞ്ചാവ് മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് അജയ് എന്നും പൊലീസ് പറയുന്നു.

Advertisement
Advertisement