കുടുംബ വഴക്ക്: വൃദ്ധൻ ഭാര്യയെ വെട്ടിക്കൊന്നു

Friday 31 March 2023 3:55 AM IST

വടക്കഞ്ചേരി: കുടുംബ വഴക്കിനെത്തുടർന്ന് കിഴക്കഞ്ചേരി കൊന്നക്കൽകടവ് സായ്‌കുളമ്പ് കോഴിക്കാട്ടിൽ വീട്ടിൽ നാരായണൻ (80) ഭാര്യ പാറുക്കുട്ടിയെ (75) വെട്ടിക്കൊന്നു. സംഭവത്തിന് ശേഷം ഇയാൾ മംഗലം ഡാം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം.

കൊടുവാളും ടാപ്പിംഗ് കത്തിയും ഉപയോഗിച്ച് പാറുക്കുട്ടിയുടെ കഴുത്തിലും മുഖത്തും നാരായണൻ വെട്ടുകയും കുത്തുകയുമായിരുന്നു. നാരായണൻ അറിയിച്ചതിനെത്തുടർന്ന് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വീടിനുള്ളിൽ പാറുക്കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

നാരായണനും പാറുക്കുട്ടിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ ജോലിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിലാണ്. ആലത്തൂർ ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചു. നാരായണനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

മക്കൾ: ബാലകൃഷ്ണൻ, മണികണ്ഠൻ, ഗംഗാധരൻ, മല്ലിക, പുഷ്പലത. മരുമക്കൾ: ഉഷ, പ്രീത, അഞ്ജു, ശശി, പരേതനായ സുകുമാരൻ.