യുപിഎ ഭരണത്തിൽ നരേന്ദ്ര മോദിയെ കുടുക്കാൻ സമ്മർദ്ദം ചെലുത്തി: അമിത് ഷാ

Friday 31 March 2023 12:59 AM IST

ന്യൂഡൽഹി: യു.പി.എ ഭരണകാലത്ത് നരേന്ദ്ര മോദിയെ കുടുക്കാൻ സി.ബി.ഐ തന്റെമേൽ സമ്മർദ്ദം ചെലുത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.കോൺഗ്രസ് ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കാൻ സി.ബി.ഐ കടുത്ത സമ്മർദ്ദമാണ് ചെലുത്തിയത്. ഇതിനിടയിലും അനാവശ്യ പ്രതിഷേധങ്ങളുയർത്താൻ ബി.ജെ.പി തയാറായിരുന്നില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

വിവിധ കേസുകളിലുൾപ്പെട്ട് വിചാരണയ്ക്ക് ശേഷം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന്റെ പേരിൽ ജനപ്രതിനിധി സ്ഥാനം നഷ്ടപ്പെട്ട ആദ്യ രാഷ്ട്രീയ നേതാവല്ല രാഹുൽ ഗാന്ധി.ഇതിന്റെ പേരിൽ ഇത്രമാത്രം ബഹളം വെക്കേണ്ടതില്ല.ഈ വിഷയത്തിൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും തെരുവിലിറക്കാതെ വിധിക്കെതിരെ മേൽക്കോടതികളെ സമീപിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം. പകരം പ്രധാനമന്ത്രിയെ പഴി പറയുകയാണ് രാഹുൽ.അപ്പീൽ നൽകാതെ അദ്ദേഹത്തിന് അനുകൂല നടപടിയാണ് വേണ്ടത്.

എം.പിയായി തുടരണം,എന്നാൽ കോടതിയെ സമീപിക്കാൻ തയ്യാറുമല്ല.ധാർഷ്ഠ്യമാണ് കാണിക്കുന്നത്.ഇതിലും വലിയ സ്ഥാനങ്ങളിലിരുന്നവർ അംഗത്വം നഷ്ടമായപ്പോൾ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.ലാലുപ്രസാദ് യാദവ്, ജയലളിത തുടങ്ങി 17നേതാക്കളെ ഇത്തരത്തിൽ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്.ഇവരെല്ലാം രാഹുൽ ഗാന്ധിയെക്കാൾ പരിചയ സമ്പന്നരായിരുന്നു. ഈ വിഷയത്തിൽ രാഹുലിന് തുണയേകുമായിരുന്ന ഓർഡിനൻസ് സ്വന്തം സർക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞതും അമിത് ഷാ ഓർമ്മിപ്പിച്ചു.എത്രയോ പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രമുഖ അഭിഭാഷകരുമാണ്. ഇക്കാര്യത്തിലെ നിയമപരമായ കാര്യങ്ങൾ അവർ രാഹുൽ ഗാന്ധിയെ പറഞ്ഞ് മറസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement