36-ാം വർഷവും റംസാന് രുചി പകർന്ന് കുഞ്ഞാലിക്കയുടെ ജീരകക്കഞ്ഞി

Friday 31 March 2023 12:00 AM IST

വാടാനപ്പള്ളി: റംസാന് രുചി പെരുമയായി കുഞ്ഞാലിക്കയുടെ ജീരക കഞ്ഞി മാറിയിട്ട് വർഷം 36 ആയി. വാടാനപ്പള്ളി പ്രദേശത്ത് ആദ്യമായി കഞ്ഞി വിതരണം തുടങ്ങിയ സെന്റർ ജുമാ മസ്ജിദിലാണ് നോമ്പ് കാലത്തെ ഈ സ്‌പെഷ്യൽ കഞ്ഞി. വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശിയായ മുഹമ്മദ് എന്ന കുഞ്ഞാലിക്കുട്ടിയാണ് സെന്റർ മസ്ജിദിൽ നോമ്പ് തുറയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത്. അവയിൽ ജീരക കഞ്ഞിക്കാണ് ആവശ്യക്കാരേറെ. ദിവസവും ഇരുനൂറോളം പേർ നോമ്പ് തുറക്കാനുണ്ടാകും. പലരും കഞ്ഞി, പാത്രങ്ങളിലാക്കി നോമ്പ് തുറക്കാൻ കൊണ്ട് പോകും. ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉള്ളതാണ് ജീരക കഞ്ഞി. സെന്റർ ജുമാ മസ്ജിദിൽ നോമ്പ് തുറക്കാനെത്തുന്ന വഴിയാത്രക്കാർ, കഞ്ഞി കുടിക്കാനായി മാത്രം വീണ്ടുമെത്തിയ ഒരുപാട് അനുഭവങ്ങളുണ്ട്. ജീരക കഞ്ഞിയുണ്ടാക്കിയ ആളെ അന്വേഷിക്കുന്നതും കുഞ്ഞാലിക്കയെ അഭിനന്ദിക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ച. നോമ്പുതുറയ്ക്കുള്ള വിഭവങ്ങളൊരുക്കാൻ ജീരക കഞ്ഞിയുടെ ധാന്യക്കൂട്ടുമായി രാവിലെ മുതൽ സജീവമാകുന്ന കുഞ്ഞാലിക്ക, റംസാൻ അല്ലാത്ത സമയത്തും പള്ളിയിൽ എല്ലാ കാര്യങ്ങൾക്കും സജീവമായി രംഗത്തുണ്ടാകും. ചിരപരിചിതത്വത്തിന്റെ ഭാവങ്ങളും സൗഹൃദ വാക്കുകളുമായി നടന്നു നീങ്ങുന്ന കുഞ്ഞാലിക്ക വാടാനപ്പള്ളിയുടെ നിഷ്‌കളങ്ക മുഖമാണ്.