അച്ഛനെ കണ്ട് അഭിഷേക്

Friday 31 March 2023 12:43 AM IST

അമ്പലപ്പുഴ: പതിനൊന്നു വർഷമായി പുന്നപ്ര ശാന്തിഭവനിൽ അന്തേവാസിയായി കഴിയുന്ന ബീഹാർ സ്വദേശി മനോജ് സിംഗിനെ(50) തേടി മകൻ അഭിഷേക് എത്തി നാട്ടിലേക്ക് കൊണ്ടുപോയി. മുംബയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന മനോജ് സിംഗിനെ പതിനൊന്നു വർഷങ്ങൾക്കു മുൻപ് ബീഹാറിലേക്ക് ട്രെയിനിൽ പോകുന്നതിനിടെയാണ് കാണാതായത്. ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല.

മനോജ് സിംഗിനെ കാണാതായ വിഷമത്തിൽ കഴിഞ്ഞിരുന്ന ഭാര്യ വിഭാദേവി 4 വർഷം കഴിഞ്ഞപ്പോൾ മരിച്ചു.അന്ന് 8 വയസു പ്രായം മാത്രമുണ്ടായിരുന്ന മകൻ അഭിഷേക് സിംഗ് ഇന്ന് ഡൽഹിയിൽ സിവിൽ സർവ്വീസ് പരീക്ഷയുടെ തയ്യാറെടുപ്പിലാണ്.ഗാന്ധിഭവൻ പ്രവർത്തകരാണ് മനോജ് സിംഗിനെ കുറിച്ചുള്ള വിവരങ്ങൾ ബീഹാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പത്തിൽ പഠിക്കുന്ന മകൾ സിമ്റാന് അന്ന് 2 വയസായിരുന്നു പ്രായം. എങ്ങനെ ശാന്തി ഭവനിൽ എത്തിയെന്ന് മനോജ് സിംഗിന് ഓർമ്മയില്ല. ആലപ്പുഴയിലെ കടത്തിണ്ണയിൽ അവശനായ നിലയിൽ കണ്ട ഇദ്ദേഹത്തെ നാട്ടുകാരാണ് പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചത്.അഭിഷേകിനൊപ്പം മനോജ് സിംഗിൻ്റെ സഹോദരിയുടെ മകൻ വിഷാൽ സിംഗും ശാന്തി ഭവനിൽ എത്തി ഇദ്ദേഹത്തെ കൂട്ടികൊണ്ടു പോയി.