ക്ഷേത്രക്കിണറിന്റെ മൂടി തകർന്ന് 13 മരണം
Friday 31 March 2023 1:25 AM IST
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മൂടി തകർന്ന് 13 പേർക്ക് ദാരുണാന്ത്യം. ബെലേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. 30ലധികം പേരാണ് കിണറ്റിൽ വീണത്. രാമ നവമിയോടനുബന്ധിച്ച് വൻ തിരക്കായിരുന്നു ക്ഷേത്രത്തിൽ. ഇതിനിടെ ആളുകൾ കിണറിന്റെ മൂടിയിൽ തുടർച്ചയായി ചവിട്ടിയതാണ് ദുരന്തകാരണം. താങ്ങാനാവുന്നതിലും ആളുകൾ കയറിയതോടെ മൂടി തകർന്നു വീഴുകയായിരുന്നു. ആളുകൾ കൂട്ടത്തോടെ കിണറിലേക്ക് പതിച്ചു. പൊലീസ്,അഗ്നിശമന സേന, ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു. ദുഃഖം രേഖപ്പെടുത്തിയ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ദൗർഭാഗ്യകരമായ സംഭവമെന്ന് പ്രതികരിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.