'ഇന്ന് ഇവിടെ രണ്ട് കൊലപാതകവും ആത്മഹത്യയും നടക്കും', ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബർ എഴുതി വച്ച എട്ട് പേജുള്ള കുറിപ്പിലെ വിവരങ്ങൾ പുറത്ത് 

Friday 31 March 2023 9:43 AM IST

പേരൂർക്കട: ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം മെഡി. കോളേജിലെ നഴ്സിംഗ് കോളേജ് സീനിയർ സൂപ്രണ്ട് ഗുരുതരാവസ്ഥയിൽ. അരുവിക്കര അഴീക്കോട് വളവെട്ടിക്ക് സമീപം പുലിക്കുഴിയിൽ അർഷാസിൽ അലി അക്ബറാണ് (56) ഭാര്യ മുംതാസിനെയും (47) ഭാര്യാമാതാവ് സഹീറയെയും (67) വെട്ടിക്കൊന്നത്. നെടുമങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണ് മുംതാസ്. കടബാദ്ധ്യതകളും കുടുംബ പ്രശ്നങ്ങളുമാണ് കാരണമെന്ന് സൂചിപ്പിച്ച് അലി അക്ബർ എഴുതിയ എട്ട് പേജോളം വരുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

'ഇന്ന് ഇവിടെ രണ്ട് കൊലപാതകങ്ങളും ഒരു ആത്മഹത്യയും നടക്കും

'ഇന്ന് ഇവിടെ രണ്ട് കൊലപാതകങ്ങളും ഒരു ആത്മഹത്യയും നടക്കും. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഞാൻ നടത്തുന്ന കൃത്യങ്ങൾക്ക് മറ്റാർക്കും ബന്ധമില്ല. കടബാദ്ധ്യതകളും ദാമ്പത്യപ്രശ്നവുമാണ് ഇതിന് കാരണം"എന്ന് തുടങ്ങി രണ്ട് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യജീവിതത്തിലെ പ്രധാനകാര്യങ്ങളും കടബാദ്ധ്യതകളും എട്ടുപേജുകളിലായി വിവരിക്കുന്നതാണ് കൃത്യത്തിന് തൊട്ടുമുമ്പ് അലി അക്ബർ പൊലീസിനും ബന്ധുക്കൾക്കുമായെഴുതിയ ആത്മഹത്യാക്കുറിപ്പ്. കടബാദ്ധ്യതകൾക്കൊപ്പം ഭാര്യ തന്നെ കൈവിട്ടതാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് കത്തിൽ പറയുന്നു.

സാലറി സർട്ടിഫിക്കറ്റ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റും വായ്പയെടുക്കാൻ ഈട് നൽകിയിരുന്ന അലി അക്ബറിന് ഇതിലൂടെ വലിയ ബാദ്ധ്യതയാണ് ഉണ്ടായത്. പലരും വായ്പകളുടെ തിരിച്ചടവിൽ മുടക്കം വരുത്തിയതോടെ അലി അക്ബറിന്റെ ശമ്പളം പിടിക്കാൻ തുടങ്ങി. വസ്തുവാങ്ങി വീടുനിർമ്മിച്ച വകയിലും കാർ ലോൺ എടുത്ത വകയിലും ഇയാൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടായി. ഇതിനിടെ അലി അക്ബറിന്റെ സാമ്പത്തിക ബാദ്ധ്യതകൾ ഭാര്യ മുംതാസ് ഏറ്റെടുക്കേണ്ടിവന്ന ഘട്ടത്തിൽ പുലിക്കുഴിയിൽ വാങ്ങിയ വസ്തുവും വീടും മുംതാസിന്റെ പേരിലേക്ക് മാറ്റി. സാമ്പത്തിക ബാദ്ധ്യതകൾ ക്രമാതീതമായതോടെ വസ്തുവും വീടും വിൽക്കാൻ അലി തീരുമാനിച്ചെങ്കിലും മുംതാസും ഭാര്യാമാതാവ് സാഹിറയും എതിരായി.

സാമ്പത്തിക ബാദ്ധ്യതയിൽ നട്ടംതിരിഞ്ഞ അലി അക്ബർ പലരിൽ നിന്നായി വൻതുകകൾ കടംവാങ്ങി. കടക്കാർക്ക് യഥാസമയം പണം തിരികെ നൽകാൻ കഴിയാത്തതും ഇയാളെ സമ്മർദ്ദത്തിലാക്കി. വീടും വസ്തുവും വിറ്റ് കടക്കെണിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിന് ഭാര്യയും ഭാര്യാമാതാവും എതിരുനിന്നതാണ് ഇരുവരെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ അലിയെ നിർബന്ധിതനാക്കിയത്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷമാണ് അലി കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പെട്രോൾ, വെട്ടുകത്തി, സ്ക്രൂഡ്രൈവർ, ചുറ്റിക എന്നിവ ഇതിനായി തരപ്പെടുത്തിയതും ദീർഘമായ കത്ത് തയ്യാറാക്കിയതുമെല്ലാം ഇതിന്റെ സൂചനകളായാണ് പൊലീസ് കരുതുന്നത്. പത്താംക്ളാസ് വിദ്യാർത്ഥിയായ മകളുടെ പരീക്ഷ അവസാനിക്കാനായി അലി കാത്തിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. തനിക്ക് ജോലി ലഭിച്ചതും മുംതാസുമായുള്ള വിവാഹവും കുട്ടികളുടെ പഠനവുമുൾപ്പെടെ ഇരുവരുമൊന്നിച്ചുള്ള ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം വിവരിച്ചിട്ടുള്ള കത്ത് എട്ടു വെള്ളപേപ്പറുകളിലായി എഴുതി ആളുകൾ ശ്രദ്ധിക്കത്തക്ക വിധത്തിലാണ് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്നത്. കൂടാതെ മുംതാസുമായി കുടുംബകോടതിയിൽ നിലനിൽക്കുന്ന കേസുമായി ബന്ധപ്പെട്ട ഗാർഹികാതിക്രമ കേസുകളിലെ ഉത്തരവുകളും ഇതോടൊപ്പം ചേർത്തിരുന്നു.

ഇവയെല്ലാം സഹിതം 60 പേജോളം കത്തിലുണ്ട്. കണക്കുകൂട്ടലുകളിലുണ്ടായ പിഴവ് ജീവിതം തകർത്തതിന് സ്വയം ശപിക്കുന്നതും നാട്ടുകാരോടും മക്കളോടും ക്ഷമ ചോദിക്കുന്നതും കത്തിലുണ്ട്. എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ മകന് ജോലി ലഭിക്കുമെന്നും മകളെ നന്നായി പഠിപ്പിക്കണമെന്നും ഇരുവരും നല്ലനിലയിൽ ജീവിക്കണമെന്നും ഉപദേശിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്. കത്ത് പൊലീസ് കസ്റ്റഡിയിലാണ്. മരണമൊഴിയിലും അലി അക്ബർ കത്തിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് എറണാകുളത്ത് നിന്നെത്തിയ മകൻ അർഷന്റെ മൊഴി പ്രകാരമാണ് അരുവിക്കര പൊലീസ് കേസെടുത്തത്. വീട് പൊലീസ് സീൽ ചെയ്തതോടെ മക്കളായ അർഷനെയും അർഷിതയെയും ബന്ധുവീട്ടിലേക്ക് മാറ്റി.

അലി അക്ബർ അതീവഗുരുതരാവസ്ഥയിൽ

അലി അക്ബർ മെഡിക്കൽ കോളേജിലെ ബേൺസ് ഐ.സി.യുവിൽ അതീവഗുരുതരാവസ്ഥയിലാണ്. വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് വളവെട്ടിക്ക് സമീപം പുലിക്കുഴിയിലെ വീട്ടിൽ നാടിനെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്.

പൊലീസ് പറയുന്നത്: അലി അക്ബർ, ഭാര്യ മുംതാസ്, ഇവരുടെ മകൾ അർഷിത, മുംതാസിന്റെ മാതാവ് സഹീറ എന്നിവരാണ് സംഭവദിവസം വീട്ടിലുണ്ടായിരുന്നത്. ഇൻഫോപാർക്കിൽ എൻജിനിയറായ മകൻ അർഫൻ എറണാകുളത്തായിരുന്നു.

മണക്കാട് സ്വദേശിയായ അലി അക്ബറും ഭാര്യ നെടുമങ്ങാട് ആനാട് സ്വദേശിയായ മുംതാസും 15 വർഷം മുമ്പാണ് വളവെട്ടി പുലിക്കുഴിയിൽ വസ്തുവാങ്ങി വീടുവയ്ക്കുന്നത്. ദാമ്പത്യപ്രശ്നങ്ങൾ രൂക്ഷമായതോടെ ഇരുനിലവീട്ടിൽ അലി അക്ബർ മുകൾ നിലയിലും മുംതാസും മക്കളും ഉമ്മ സഹീറയ്‌ക്കൊപ്പം താഴത്തെ നിലയിലുമായിരുന്നു താമസം. വിവാഹമോചനത്തിന് നെടുമങ്ങാട് കുടുംബ കോടതിയിൽ പെറ്റിഷൻ നൽകിയിട്ടുണ്ട്.

റംസാൻ നോമ്പിലായിരുന്ന മുംതാസ് ഭക്ഷണം തയ്യാറാക്കാനായി പുലർച്ചെ അടുക്കളയിലെത്തിയപ്പോൾ കാത്തുനിന്ന അലി അക്ബർ കഴുത്തിൽ വെട്ടുകയും തലയിൽ ചുറ്റികയ്ക്ക് അടിക്കുകയും ചെയ്തു. നിലവിളി കേട്ടെത്തിയ മാതാവ് സഹീറയെയും അലി അക്ബർ വെട്ടി. നിലവിളി കേട്ട് മകൾ അർഷിത ഓടിയെത്തിയെങ്കിലും വിരട്ടിയോടിച്ചു. അയൽവീട്ടിലേക്ക് ഓടിയ അർഷിത ആളുകളെ കൂട്ടിവരുമ്പോഴേക്കും മുംതാസും സഹീറയും രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു.

അയൽക്കാർ വരുന്നത് കണ്ട് മുറിയിൽ കയറി പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തിയ അലി അക്ബർ ശരീരമാസകലം പൊള്ളലേറ്റ് അബോധാവസ്ഥയിലായി. അരുവിക്കര പൊലീസെത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സഹീറ വ്യാഴാഴ്ച രാവിലെയും മുംതാസ് വൈകിട്ട് അഞ്ചരയോടെയും മരിച്ചു. കഴുത്തിലേറ്റ മാരകമായ വെട്ടും തലയിൽ ചുറ്റികയ്ക്കടിച്ചതും ശരീരത്തിൽ സ്‌ക്രൂഡ്രൈവറിനുള്ള കുത്തുമാണ് മരണകാരണം. താനാണ് കൃത്യം നടത്തിയതെന്ന അലി അക്ബറിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

സഹീറയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മുംതാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അരുവിക്കര പൊലീസ് കേസെടുത്തു.