സ്‌കൂൾ കലോത്സവത്തിൽ മുസ്‌ലീം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചു; പേരാമ്പ്ര മാതാ കേന്ദ്ര ഡയറക്ടർക്കെതിരെ കേസ്

Friday 31 March 2023 11:45 AM IST

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിലെ വിവാദ വേഷധാരണത്തിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4ന്റെ നിർദ്ദേശപ്രകാരമാണ് മതസ്‌പർധ ഐ പി സി 153 എ വകുപ്പ് ചുമത്തി മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടർക്കും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെ കേസെടുത്തത്.

സ്വാഗതഗാനത്തിൽ മുസ്‌ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദമായത്. ഇതിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ഡയറക്ടർ അനൂപ് വി ആർ നടക്കാവ് പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തില്ല. തുടർന്നാണ് അനൂപ് കോടതിയെ സമീപിച്ചത്.

സംസ്ഥാന ‌ സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിന് മാതാ പേരാമ്പ്രയ്ക്ക് ഇനി അവസരം നൽകില്ലെന്ന് മുൻപ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. സി പി എമ്മും ലീഗും ഉൾപ്പെടെ മാതാ പേരാമ്പ്രയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു.

കോഴിക്കോട് നടന്ന അറുപത്തി ഒന്നാമത് സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിവാദമായ ദൃശ്യാവിഷ്കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെയായിരുന്നു വിവാദ ദൃശ്യാവിഷ്കാരം നടന്നത്.