തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർക്ക് ഏപ്രിൽ ഒന്ന് മുതൽ 2500 രൂപ; പ്രഖ്യാപനവുമായി സർക്കാർ
റായ്‌പൂർ: തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർക്ക് 2023 ഏപ്രിൽ ഒന്ന് മുതൽ മാസംതോറും 2500 രൂപ അനുവദിക്കാൻ ഒരുങ്ങി ഛത്തീസ്‌ഗഢ് സർക്കാർ. പ്ലസ് ടു വരെ പഠിച്ച തൊഴിൽ രഹിതർക്കാണ് ഈ ആനുകൂല്യം നൽകുന്നതെന്നാണ് റിപ്പോർട്ട്. 2.5 ലക്ഷത്തിന് താഴെ കുടുംബത്തിൽ വാർഷികവരുമാനം ഉള്ളവർക്കാണ് ഈ പദ്ധതിയെന്ന് സർക്കാർ അറിയിച്ചു.
മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, മുൻ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മുനിസിപ്പൽ കോർപ്പറേഷനുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും ചെയർമാനും മുൻ ചെയർമാനുമായ യുവാക്കൾ എന്നിവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല. പദ്ധതിയിൽ അർഹതലഭിക്കുന്ന യുവാക്കൾക്ക് ഒരു വർഷത്തിന് ശേഷവും ജോലി ലഭിച്ചില്ലെങ്കിൽ ഒരു വർഷത്തേയ്ക്ക് കൂടി പദ്ധതി നീട്ടും. ജോലികൾ ലഭിച്ചിട്ടും വേണ്ടെന്ന് വച്ചവർക്ക് ഈ പദ്ധതിയിലൂടെ പണം ലഭിക്കില്ല.
പദ്ധതിയ്ക്ക് അർഹതയുള്ളവർ സർക്കാർ നൽകിയിട്ടുള്ള ഘടന അനുസരിച്ച് അപേക്ഷ നൽകേണ്ടതാണ്. അപേക്ഷ നൽകുന്നവരുടെ ബാങ്ക് അക്കൗണ്ടിലായിരിക്കും പദ്ധതി പ്രകാരമുള്ള പണം എത്തുന്നത്.
ഛത്തീസ്‌ഗഢ് ഗവൺമെന്റിന്റെ 2023 മാർച്ച് ആറിലെ ബഡ്‌ജറ്റിലാണ് ഈ പദ്ധതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ യുവാക്കൾക്കായി അടുത്ത സാമ്പത്തിക വർഷം മുതൽ ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.