വിജയ് യേശുദാസിന്റെ വീട്ടിൽ വൻ മോഷണം, വീട്ടുജോലിക്കാരെ സംശയം; കുടുംബം പരാതി നൽകി

Friday 31 March 2023 2:19 PM IST

ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ വൻ മോഷണം. അറുപത് പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്‌ടപ്പെട്ടെന്ന് കാണിച്ച് ഇന്നലെ രാത്രിയാണ് കുടുംബം അഭിരാമപുരം പൊലീസിൽ പരാതി നൽകിയത്.

ചെന്നൈയിലെ അഭിരാമപുരത്താണ് വിജയ് യേശുദാസ് താമസിക്കുന്നത്. വീട്ടുജോലിക്കാരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയമുണ്ടെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത്, അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ മകൾ ഐശ്വര്യയുടെ സ്വർണ,ഡയമണ്ട് ആഭരണങ്ങൾ മോഷണം പോയിരുന്നു. താരപുത്രി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടുജോലിക്കാരിയേയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

2019ൽ സഹോദരി സൗന്ദര്യയുടെ വിവാഹശേഷം ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് പ്രതികൾ മോഷ്‌ടിച്ചത്. ഈ ലോക്കർ പല തവണയായി മൂന്ന് സ്ഥലത്തേയ്ക്ക് മാറ്റി. ലോക്കറിന്റെ താക്കോൽ ഐശ്വര്യയുടെ കിടപ്പുമുറിയിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇക്കാര്യമറിയാവുന്ന ജോലിക്കാർ മോഷണം നടത്തുകയായിരുന്നു.