പാർക്കിൽ ആൺ സുഹൃത്തിനൊപ്പമിരുന്നപ്പോൾ സദാചാര പൊലീസ് ചമഞ്ഞെത്തിയയാൾ, സുഹൃത്ത് പോയപ്പോൾ സംഘമായെത്തി യുവതിയെ ബലാത്സംഗം ചെയ്തു

Friday 31 March 2023 4:41 PM IST

ബംഗളൂരു : പാർക്കിൽ നിന്നും യുവതിയെ ബലമായി കാറിലേക്ക് വലിച്ചു കയറ്റി നാലംഗ സംഘം ബലാത്സംഗം ചെയ്തു. ബംഗളൂരുവിലെ കോറമംഗലയിലെ നാഷണൽ ഗെയിംസ് വില്ലേജ് പാർക്കിലാണ് സംഭവം. മാർച്ച് 25നാണ് യുവതി ആൺസുഹൃത്തിനൊപ്പം പാർക്കിലെത്തിയത്. രാത്രി വൈകി ഇരുവരും സംസാരിച്ചിരിക്കവെ അജ്ഞാതനായ ഒരാളെത്തി യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി.

യുവതിയുടെ സുഹൃത്ത് ഇവിടെ നിന്നും പോയ ശേഷം, പാർക്കിന് പുറത്ത് കാത്തിരുന്ന അജ്ഞാതൻ മൂന്ന് സുഹൃത്തുക്കളെയും കൂട്ടിയെത്തി യുവതിയെ ബലമായി വാഹനത്തിലേക്ക് വലിച്ചു കയറ്റി. തുടർന്ന് ഓടുന്ന വാഹനത്തിൽ വച്ച് യുവതി ബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. പുലർച്ചയോടെ ശാരീരികമായി അവശയായ യുവതിയെ അവരുടെ വീടിന് സമീപത്തായി അക്രമിസംഘം ഇറക്കിവിട്ടു. സംഭവത്തെ കുറിച്ച് പൊലീസിൽ പരാതിപ്പെട്ടാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അക്രമിസംഘത്തിന്റെ ഭീഷണി വകവയ്ക്കാതെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ അക്രമം നടത്തിയ നാല് പേരെയും അറസ്റ്റ് ചെയ്തതായി ബംഗളൂരു പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സി കെ ബാബ പറഞ്ഞു. അക്രമത്തിന് ഇരയായ യുവതി ഹോസ്പിറ്റലിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

Advertisement
Advertisement